X
    Categories: Newsworld

യുക്രെയ്ന്‍ അണക്കെട്ട് തകര്‍ച്ച; പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍

കീവ്്: യുക്രെയ്‌നിലെ ഖേഴ്‌സണില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിപ്രോ നദിക്ക് കുറുകെയുള്ള നോവ കഖോവ്ക ഡാമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. 42,000 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിപ്പെട്ടിട്ടില്ല. റഷ്യയും യുക്രെയ്്‌നും പരസ്പരം പഴിചാരുമ്പോള്‍ ഡാമിന് സമീപമുള്ള ജനവാസ പ്രദേശങ്ങള്‍ പ്രളയ ജലത്തില്‍ മുങ്ങി. നിരവധി വീടുകള്‍ ഒലിച്ചുപോയി. ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ റഷ്യന്‍ സേന പരാജയപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.

നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. വീടുകളുടെ മേല്‍ക്കൂരക്ക് മുകളിലും മരങ്ങൡലുമാണ് ആളുകള്‍ രാത്രി കഴിച്ചുകൂട്ടിയത്. ഡാമില്‍ വെള്ളം കുറഞ്ഞു തുടങ്ങിയെങ്കിലും സമീപമുള്ള നൂറോളം നഗരങ്ങളും ഗ്രാമങ്ങളും പ്രളയത്തിലാണ്. തെക്കന്‍ യുക്രെയ്‌നില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മേഖലയിലെ കര്‍ഷകര്‍ ജലസേചനത്തിന് ആശ്രയിക്കുന്ന ഡാമിന്റെ തകര്‍ച്ച കൃഷിയെ പ്രതികൂലമായി ബാധിക്കും. പ്രളയത്തെ തുടര്‍ന്ന് മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.

റഷ്യ, യുക്രെയ്ന്‍ സേനകള്‍ വിതറിയ കുഴിബോംബുകള്‍ പ്രളയത്തില്‍ ഒഴുകിയെത്തി അപകടം സൃഷ്ടിക്കാനുള്ള സാധ്യതയും കൂടുതലാണ്. രാസപദാര്‍ത്ഥങ്ങള്‍ ജലസ്രോതസ്സുകളെ മലിനീകരിച്ചേക്കും. മേഖലയിലെ സപോരിജിയ ആണവ നിലയത്തിന് നിലവില്‍ ഭീഷണിയൊന്നുമില്ല. അടുത്ത 10 ദിവസം കൂടി വെള്ളപ്പൊക്കം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ് രാവിലെയാണ് ഡാം തകര്‍ന്നത്. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ നേരത്തെ ഒഴിഞ്ഞുപോയത് ആളപായം ഒഴിവാക്കി.

അതേസമയം ബാഖ്മുതില്‍ സൈനിക മുന്നേറ്റം തുടരുകയാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തി മേഖലയിലും ആക്രമണം തുടരുന്നുണ്ട്. ഷെബെകിനോ നഗരത്തില്‍ യുക്രെയ്ന്‍ സേന ഷെല്‍ വര്‍ഷം നടത്തി. ആഴ്ചകളായി നഗരത്തിലും ബെല്‍ഗൊറോദ് മേഖലയില്‍ ഉടനീളവും ഷെല്ലാക്രമണം നടക്കുന്നുണ്ട്.

webdesk11: