X

യുദ്ധ ഹീറോ

പൊരുതുക, അല്ലെങ്കില്‍ മരിക്കുക എന്നത് ഏതു പോരാളിയുടെയും ആപ്തവാക്യമാണ്. ഡു ഓര്‍ ഡൈ എന്നുപറയും. ഇതിപ്പോള്‍ നിമിഷംപ്രതി പറഞ്ഞുകൊണ്ടിരിക്കുന്നത് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ ഒലക്‌സാന്‍ഡ്രാവിച് സെലന്‍സ്‌കിയാണ്. രാജ്യത്തെ നാലരക്കോടിയോളം വരുന്ന ജനതയുടെ സംരക്ഷണത്തിന്റെ ഭാരമാണ് ഈ നാല്‍പത്തിനാലുകാരന്റെ തലയിലിരിക്കുന്നത്.

റഷ്യന്‍ ആക്രമണത്തില്‍ ഇതിനകം 20 ലക്ഷത്തോളം പൗരന്മാര്‍ നാടുവിട്ടു കഴിഞ്ഞു. ഇരുപതിനായിരത്തിലധികം വരുന്ന പട്ടാളവും സെലന്‍സ്‌കിയും അയാളുടെ അടങ്ങാത്ത ആത്മവിശ്വാസവും ധീരതയുമാണ് ഇനി ബാക്കിയുള്ളത്. പ്രതീക്ഷിച്ചതുപോലുള്ള പിന്തുണ നാറ്റോ സഖ്യരാജ്യങ്ങളില്‍നിന്ന് ലഭിക്കാതായതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് സെലന്‍സ്‌കിയുടെ മുന്നിലിപ്പോഴുള്ളത്. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണം റഷ്യ ഏകപക്ഷീയമായി തുടരുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് മുഷ്ടിചുരുട്ടി, വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന സെലന്‍സ്‌കിയെയാണ്. പാവം പയ്യന്‍ എന്ന് പലരും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ലോകം പ്രതീക്ഷിച്ചതുപോലെ ദിവസങ്ങള്‍കൊണ്ട് അവസാനിച്ചിട്ടില്ല യുദ്ധം. രണ്ടാം മാസത്തിലേക്ക് യുദ്ധം അഥവാ ആക്രമണം കടന്നതോടെ മിക്കവാറുമെല്ലാ പ്രധാന സ്ഥാപനങ്ങളും സൈനിക കേന്ദ്രങ്ങളും ഊര്‍ജോത്പാദന സംവിധാനങ്ങളും തകര്‍ന്നിരിക്കുകയാണ് യുക്രെയിനില്‍. ചെര്‍ണോബില്‍ പോലുള്ള അപൂര്‍വ ആണവ കേന്ദ്രങ്ങള്‍ മാത്രമാണ് ഇനി റഷ്യയുടെ കൈവശമെത്താനുള്ളത്. തലസ്ഥാനമായ കീവിനടുത്താണ് ഇപ്പോഴത്തെ പോരാട്ടം. താനിവിടെതന്നെയുണ്ട് എന്ന പ്രഖ്യാപനത്തോടെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് പട്ടാളത്തിനും ജനതയ്ക്കും ആത്മവീര്യം പകരുകയാണ് സെലന്‍സ്‌കി.

യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും അംഗത്വമെടുക്കാനുള്ള സെലന്‍സ്‌കിയുടെ തീരുമാനമാണ് റഷ്യയെ പ്രകോപിപ്പിച്ചതും ആക്രമണത്തിന് കാരണമായതും. ആദ്യദിനങ്ങളില്‍ ഇതേക്കുറിച്ച് മിണ്ടാതിരുന്ന സെലന്‍സ്‌കി ഒരാഴ്ച പിന്നിട്ടപ്പോള്‍ നാറ്റോയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടേ ഉള്ളൂവെന്ന് മാറ്റിപ്പറഞ്ഞു. അതിലും കടന്ന് നാറ്റോയുടെ സേനാസഹായം കിട്ടാത്തതിനെക്കുറിച്ചായിരുന്ന സെലന്‍സ്‌കിയുടെ പരാതിയത്രയും. അത് ശരിയുമായിരുന്നു.

അമേരിക്കയും നാറ്റോ രാജ്യങ്ങളുമെല്ലാം സെലന്‍സ്‌കിക്ക് വലിയ പ്രതീക്ഷയാണ് മുമ്പ് നല്‍കിയതെങ്കില്‍ അവരിപ്പോള്‍ നോക്കിനില്‍ക്കുകയാണ്. ഏതാനുംകോടി ഡോളറിന്റെ സൈനിക സാമഗ്രികള്‍ അയക്കുക മാത്രമാണിപ്പോഴവര്‍ ചെയ്തിട്ടുള്ളത.് ടീഷര്‍ട്ടണിഞ്ഞ്, ആകാരവടിവുള്ള ശരീരവുമായി സുമുഖനായ പ്രസിഡന്റ് വീഡിയോയിലൂടെ ലോകത്തെ അഭിസംബോധനചെയ്യുമ്പോള്‍ രാജ്യഭരണാധികാരികള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ്. പതിനായിരക്കണക്കിന് പേരാണ് ഇതിനകം ഇതരയൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടന്നിരിക്കുന്നത്. കീവ് ഏതാണ്ട് വിജനമാണിന്ന്. ഏതോ ബങ്കറിലാണ് സെലന്‍സ്‌കിയെന്നാണ് കേള്‍വി. എങ്കിലും ജപ്പാനോടും ഇസ്രാഈലിനോടും ഇ.യുവിനോടുമെല്ലാം സംസാരിച്ചുകൊണ്ടേയിരിക്കുകയാണയാള്‍. യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സെലന്‍സ്‌കി മാര്‍ച്ച് ഒന്നിന് നടത്തിയ പ്രസംഗം ഏവരുടെയും കരളലിയിക്കുന്നതായി. പാര്‍ലമെന്റംഗങ്ങള്‍ എഴുന്നേറ്റുനിന്നാണ് പ്രസംഗകനെ പ്രശംസിച്ചത്. ‘ആര്‍ക്കും ഞങ്ങളെ വെട്ടിമുറിക്കാനാവില്ല. ഞങ്ങള്‍ ബലവാന്മാരാണ്, യുക്രെയിനികളും’ ഇതായിരുന്നു സെലന്‍സ്‌കിയുടെ രക്തം തിളയ്ക്കുന്ന വാക്കുകള്‍. യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമാണ് യുക്രെയിന്‍.

സോവിയറ്റ് കാലത്തെ റഷ്യ കഴിഞ്ഞാലുള്ള വന്‍ശക്തി. ഇവരുടെ സ്വാതന്ത്ര്യം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്നുതന്നെയാണ് സെലന്‍സ്‌കിയുടെ പ്രതിജ്ഞ. ഇതിനകം ഡസന്‍ തവണ വധശ്രമത്തില്‍നിന്ന ്‌രക്ഷപ്പെട്ട പ്രസിഡന്റ് രാജ്യത്തിന്റെ യുദ്ധകാല ഹീറോയായി എത്രനാള്‍കൂടി തുടരുമെന്നാണ് ഇനി അറിയേണ്ടത്. റഷ്യ രാജ്യം പിടിച്ചാല്‍ അതോടെ കഴിയും സെലന്‍സ്‌കിയുടെ ജീവിതവും ഒരുപക്ഷേ ജീവനും. 1978 ജനുവരി 25ന് ജൂത കുടുംബത്തില്‍ പിറന്ന സെലന്‍സ്‌കിയുടേത് ഹിറ്റ്‌ലറുടെ ജൂത കൂട്ടക്കൊലക്കിരയായ കുടുംബമാണ്. കോമഡിഷോകളിലും സിനിമാഭിനയത്തിലും കൈവെച്ചശേഷമാണ് 2018ല്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. 73 ശതമാനം വോട്ടാണ് സെര്‍വെന്റ് ഓഫ് ദ പീപ്പിള്‍ പാര്‍ട്ടി പ്രതിനിധിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സെലന്‍സ്‌കിക്ക് ലഭിച്ചത്. എതിരാളി പോറുഷെന്‍കോക്ക് 25ഉം. ഒലേന കിയാഷ്‌കോവാണ് ഭാര്യ. രണ്ടു മക്കള്‍.

Test User: