X

യുക്രെയ്ന്‍, ചൈന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിച്ചേക്കും

ന്യൂഡല്‍ഹി: യുദ്ധവും കോവിഡും കാരണം ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ചൈനയിലും യുക്രെയ്‌നിലും പഠിക്കുന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആലോചിക്കുന്നു. യുക്രെയ്‌നിലും ചൈനയിലും പഠിക്കുന്ന ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാത്ത അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നതിനായുള്ള സ്‌ക്രീനിങ് ടെസ്റ്റായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) എഴുതാന്‍ അനുവദിക്കാനാണ് തീരുമാനം.

പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ സ്ഥിരം പ്രാക്ടീസിനുള്ള അുമതി ലഭിക്കൂ. അസാധാരണ സാഹചര്യത്തില്‍ ഒറ്റത്തവണ ഇളവ് അനുവദിക്കാനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ വിദേശത്തെ ഏത് യൂണിവേഴ്‌സിറ്റിയിലാണോ പഠിക്കുന്നത് അവിടെ പഠനവും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ എഫ്.എം.ജി.ഇ പരീക്ഷ എഴുതാന്‍ സാധിക്കൂ.

പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ഥിരം രജിസ്‌ട്രേഷന്‍ അനുവദിക്കൂ. ഇളവ് ഈ വര്‍ഷം മാത്രമേ ഉള്ളൂവെന്നും ഈ രാജ്യങ്ങളില്‍ പ്രവേശനം നേടുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിട്ടു നില്‍ക്കണമെന്നുമാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം.

Chandrika Web: