സോഷ്യല്‍ മീഡിയ
ഖാദര്‍ പാലാഴി
(ഡയറക്ടര്‍ സി.എച്ച് ചെയര്‍, കാലിക്കറ്റ് സര്‍വകലാശാല)
”കാര്യമായ കാരണമില്ലാതെ റഷ്യ യുക്രൈനെ അക്രമിച്ചിട്ട് ഒരു വര്‍ഷമാവുന്ന ദിവസം. ഈസിയായി തോല്‍പ്പിച്ച് വരാം എന്നായിരുന്നു പുട്ടിന്‍ കരുതിയത്. എന്നാല്‍ 30 അംഗ നാറ്റോയിലെ മിക്ക രാജ്യങ്ങളും യുക്രൈനിലേക്ക് ആയുധമൊഴുക്കിയതോടെ ചിത്രം മാറി. മാനം കാക്കാനുള്ള യുദ്ധമാണിപ്പോള്‍ റഷ്യ നടത്തുന്നത്. യുക്രൈന്‍ നാറ്റോയില്‍ ചേരുന്നത് തടയാനെന്ന പേരിലായിരുന്നു യുദ്ധം തുടങ്ങിയതെങ്കിലും സ്വീഡനും ഫിന്‍ലാന്റും കൂടി നാറ്റോയില്‍ ചേരുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍ . യുദ്ധത്തില്‍ സിവിലിയന്‍മാരും സൈനികരും കൊല്ലപ്പെട്ടതിനെക്കുറിച്ച് വ്യത്യസ്ത കണക്കുകളാണുള്ളത്. യുദ്ധകാലത്ത് സത്യവും യുദ്ധം ചെയ്യാന്‍ പോവുക സ്വാഭാവികം. 8000 ത്തിലധികം യുക്രൈന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് യു.എന്‍ പറയുന്നത്. റഷ്യയുടെ രണ്ട് ലക്ഷത്തോളം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന് അമേരിക്ക പറയുന്നു. എന്നാല്‍ യുക്രൈന് 9000 സൈനികര്‍ നഷ്ടമായെന്നാണ് പ്രസിഡണ്ട് സെലന്‍സ്‌കി പറയുന്നത്.
ഒന്നാം വാര്‍ഷികത്തിന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഒരു തമാശ പൊട്ടിച്ചിട്ടുണ്ട്. റഷ്യ മനുഷ്യരാശിയോടുള്ള മഹാകുറ്റമാണ് ചെയ്യുന്നതത്രെ. ഏത് അമേരിക്ക . നേരമ്പോക്കിനും ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കാനും നിരവധിയനവധി രാജ്യങ്ങളില്‍ കടന്നുകയറി ദശലക്ഷക്കണക്കിന് നിരപരധികളെ കൊന്നൊടുക്കിയ അതേ അമേരിക്ക!”