പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ അടുത്ത വര്‍ഷത്തോടെ യു.കെയില്‍ ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ വൈറസ് അതിവേഗം വ്യാപിക്കുമെന്ന് വിദഗ്ധര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ പറയുന്നുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ശാസ്ത്രീയ പഠനത്തില്‍ പറയുന്നുണ്ട്.
രോഗവ്യാപനം അടുത്ത വര്‍ഷം ജനുവരിയോടെ നിയന്ത്രണാതീതമാകുമെന്നും ജനങ്ങള്‍ അലസത കാണിക്കരുതെന്നും ഡോ. നിക്ക് ഡേവിസ് വ്യക്തമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോക്ടറാണ് ഇദ്ദേഹം. വൈറസ് വ്യാപനം ഓരോ 2.4 ദിവസം കഴിയുമ്പോഴും രാജ്യത്ത് വര്‍ധിക്കുകയാണെന്നാണ് പഠനം പുറത്ത് വിടുന്നത്.
യു.കെയില്‍ വെള്ളിയാഴ്ച മാത്രം 448 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ 1265 പേര്‍ക്ക് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. മുന്‍ വകഭേദങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിനേഷന്‍ എടുത്തവരില്‍ കാഠിന്യം കുറവാണെന്നും അതിനാല്‍ ആശുപത്രിവാസം വളരെ കൂടുതലായിരിക്കില്ലെന്നും പഠനം പറയുന്നുണ്ട്.