ദുബായ്: ചാരക്കേസില്‍ ജീവപര്യന്തം തടവിന് ശക്ഷിക്കപ്പെട്ട ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ യു.എ.ഇ വിട്ടയച്ചു. യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയാദ് അല്‍ നഹ്‌യാന്‍ പൊതുമാപ്പ് നല്‍കി വിട്ടയച്ച 700ലേറെ തടുവകാരോടൊപ്പമാണ് 31കാരനായ മാത്യു ഹെഡ്ജസും മോചിതനായത്.
ഇംഗ്ലണ്ടിലെ ദുരാം യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചത് ഒരാഴ്ച മുമ്പായിരുന്നു. മെയ് അഞ്ചിനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഹെഡ്ജസിനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത.് 2011ലെ മുലപ്പൂ വിപ്ലവത്തിനുശേഷമുള്ള യു.എ.ഇയുടെ വിദേശ-ആഭ്യന്തര നയങ്ങളിലുണ്ടായ മാറ്റം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷ വിഷയം. കസ്റ്റഡിയിലെടുത്ത് അഞ്ച് മാസത്തിനുശേഷം ഹെഡ്ജസിനെതിരെ ഔദ്യോഗികമായി കുറ്റം ചുത്തി. പൊതുമാപ്പ് ലഭിച്ചുവെന്ന ഏറ്റവും മികച്ച വാര്‍ത്തയാണ് കിട്ടിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡാനിയേല തേജദ പറഞ്ഞു. ഹെഡ്ജസിനെ വിട്ടയക്കാന്‍ യു.എ.ഇക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ രാജ്യംവിടാന്‍ അനുവദിക്കും. ഹെഡ്ജസ് ബ്രിട്ടീഷ് ചാരനാണെന്ന് വ്യക്തമാക്കുന്ന വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് യു.എ.ഇ വ്യക്തമാക്കിയിരുന്നു.