ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ ഹോക്കി ടീം നായകന്‍ സര്‍ദാര്‍ സിങിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് യുകെ പൊലീസ്. ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ 7-1 ന് പാകിസ്താനെ തകര്‍ത്ത ശേഷം അടുത്ത നിര്‍ണായക മത്സരത്തിനു തയാറെടുക്കവേയാണ് സര്‍ദാര്‍ സിങിനെതിരെ നടപടിയെടുക്കാനുള്ള നീക്കം.
2016ലാണ് സിങിനെതിരെ ലൈഗികാരോപണമുന്നയിച്ച് ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ഹോക്കി താരം അഷ്പല്‍ ഭോഗല്‍ കേസ് നല്‍കിയത്. എന്നാല്‍ മത്സരത്തിന് തയാറെടുത്തിരിക്കുന്നതിനിടെ സിങിനെ ചോദ്യം ചെയ്യാനുള്ള പൊലീസ് നിര്‍ദ്ദേശം ടീമിനെ വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്.
ഹോളണ്ടിനെതിരെ മത്സരത്തില്‍ പങ്കെടുക്കാനായി ലണ്ടനിലെത്തിയതാണ് ഇന്ത്യന്‍ ഹോക്കി ടീം. ഒരു വര്‍ഷം മുന്‍പ് നല്‍കിയ കേസില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ തീരുമാനം ടീമിനെ ബാധിക്കുമെന്ന് ഇന്ത്യന്‍ ഹോക്കി താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊലീസിന്റെ പെട്ടന്നുള്ള നടപടി നിര്‍ണായക മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുന്ന സിങിനെ മാനസികമായി തകര്‍ക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. നല്ല പ്രകടനം കാഴ്ചവെക്കുന്നതിനായി പൊലീസ് നിര്‍ദ്ദേശം അദ്ദേഹത്തെ അറിയിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.