ന്യൂഡല്‍ഹി: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി. 1993ല്‍ ജോണ്‍ മേജര്‍ അതിഥിയായി പങ്കെടുത്ത ശേഷം ആദ്യമായാണ് ഒരു യുകെ പ്രധാനമന്ത്രി വീണ്ടും റിപ്പബ്ലിക് ദിന പരേഡിനെത്തുന്നത്. ജോണ്‍സന്റെ യാത്ര ഡൗണിങ് സ്ട്രീറ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും വാര്‍ത്ത സ്ഥിരീകരിച്ചു.
ഗ്ലോബല്‍ ബ്രിട്ടന്‍ പദ്ധതിയുടെ ഭാഗമായാണ് ജോണ്‍സണ്‍ ഇന്ത്യയിലെത്തുന്നത്. ജി7 നേതാക്കളുടെ ഉച്ചകോടിക്കും സിഒപി26 ഉച്ചകോടിക്കും ബ്രിട്ടന്‍ വേദിയാകുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.
ജി7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജോണ്‍സണ്‍ ക്ഷണിച്ചിട്ടുണ്ട്. ജി7 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പുറമേ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നിവരാണ് പ്രധാന അതിഥികള്‍.
മഹത്തായ ആദരം എന്നാണ് ഇന്ത്യയുടെ ക്ഷണത്തെ ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കാത്തിരിക്കുകയാണ് എന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ വക്താവ് പ്രതികരിച്ചു. വ്യാപാരം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് പോരാട്ടം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച നടത്തും.