ലണ്ടന്‍: യുകെയിലെ കെന്റില്‍ കണ്ടെത്തിയ ജനിതക പരിവര്‍ത്തനം സംഭവിച്ച പുതിയ കൊറോണ വൈറസ് ലോകത്തിനു ഭീഷണി ഉയര്‍ത്തിയേക്കുമെന്ന് മുന്നറിയിപ്പ്. കോവിഡ് വാക്‌സിന്‍ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാന്‍ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷന്‍) സംഭവിച്ച വൈറസെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീകോക്ക് ആണ് മുന്നറിയിപ്പുമായി എത്തുന്നത്.
നിലവില്‍ യുകെയിലെമ്പാടും വൈറസ് വകഭേദം ശക്തിപ്രാപിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ ഇതു പടരാനാണ് സാധ്യത. വാക്‌സിനേഷന് തുരങ്കം വയ്ക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവര്‍ പറയുന്നു.
ഫൈസറും, ആസ്ട്രാസെനകയും വികസിപ്പിച്ചെടുത്ത വാക്‌സീനുകള്‍ ജനിതക പരിവര്‍ത്തനം സംഭവിച്ച യുകെ വൈറസുകള്‍ക്കെതിരെ ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ നിലവില്‍ ജനിതക പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന കെന്റ് വൈറസുകള്‍ക്കെതിരെ വാക്‌സീന്‍ വഴി ആര്‍ജിക്കുന്ന രോഗപ്രതിരോധ ശേഷി പോരാതെ വരുമെന്നാണ് മുന്നറിയിപ്പ്.