മധ്യപ്രദേശിലെ ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉജ്ജൈനില്‍ ഓട്ടോ ഡ്രൈവറായ രാകേഷ്(38) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കേസില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ പേരുകളോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവില്‍, ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇവിടെയുണ്ടായിരുന്ന പുരോഹിതനാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേസംഘത്തെ മധ്യപ്രദേശ് പൊലീസ് കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരാളെ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ടെത്തിയതിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവറായ രാകേഷ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 8 കിലോമീറ്റര്‍ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് സംഘം പരിശോധിച്ചത്.
ഈ പരിശോധനയിലാണ് ജീവന്‍ഖേരി ഭാഗത്തുവെച്ച് പെണ്‍കുട്ടി ഓട്ടോയില്‍ കയറുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഓട്ടോ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ചോരക്കറകളും കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയില്‍ വിശദമായ ഫൊറന്‍സിക് പരിശോധന നടന്നുവരികയാണെന്നാണ് പൊലീസിന്റെ പ്രതികരണം.
അതിനിടെ, ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ബുധനാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പരിക്ക് ഗുരുതരമാണെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.