ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ രാജ്യത്തെ കുട്ടികള്‍ക്ക് യു.ഐ.ഡി എന്ന പുതിയ നീക്കവുമായി കേന്ദ്രം.
ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സവിശേഷ നമ്പര്‍ (യു. ഐ.ഡി) നല്‍കാനാണ് ആലോചിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി തുടങ്ങിയ സമഗ്ര വികസനം വിലയിരുത്തുന്നതിനായി ഈ യു.ഐ.ഡി ഉപോഗിക്കാനാണ് നീക്കം.
നല്ല നീക്കമെന്ന് ഇതിനെ ചിലര്‍ വിലയിരുത്തുമ്പോള്‍ ഇത് വിവാദങ്ങള്‍ക്കു വഴിവെക്കുമെന്നാണ് നിയമ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. യു. ഐ. ഡിക്കായി ആധാറിനെ പോലെ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തില്ലെന്നാണ് വിവരം. ഈ പദ്ധതിയില്‍ മാനവ വിഭവ ശേഷി, ആരോഗ്യം, വനിതാ ശിശുക്ഷേമം, ന്യൂനപക്ഷ, ആദിവാസി കാര്യ, സാമൂഹ്യ നീതി, നൈപുണ്യ വികസന മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഓരോ കുട്ടിക്കും ഒരു യുണീക് നമ്പര്‍, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ സുരക്ഷാ, സ്വകാര്യത എന്നിവയെ സംബന്ധിച്ച് ഭീഷണിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. യു. ഐ.ഡി വഴി കുട്ടിയുടെ ജനനം മുതല്‍ തൊഴില്‍ നേടുന്നതു വരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള ഡാറ്റാബേസ് തയാറാക്കാനാണ് പദ്ധതിയിടുന്നത്. കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ക്കും ഈ ഡാറ്റബേസ് ഉപയോഗപ്പെടുത്താം. സ്‌കൂള്‍ വിവരങ്ങളും ഇതുമായി ചേര്‍ക്കാനാവുമെന്നും മാനവ വിഭവ ശേഷി് മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഈ ആശയത്തോട് എ്ല്ലാ മന്ത്രായങ്ങള്‍ക്കും യോജിപ്പാണുള്ളതെന്നും ആധാര്‍ ലഭിക്കുന്നത് വരെ എല്ലാ കാര്യങ്ങള്‍ക്കും ഈ യു. ഐ.ഡി ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. അതേ സമയം വിവിധ മന്ത്രാലയങ്ങ ള്‍ രേഖകള്‍ ശേഖരിക്കുന്നത് ഇരട്ടത്തലയുള്ള വാളായി മാറുമെന്നും ആക്ഷേപമുണ്ട്.
മികച്ച വൈദ്യ സഹായത്തിന് ഡാറ്റ ഉപകരിക്കുന്നതു പോലെ തന്നെ ഇത് വിവേചനങ്ങള്‍ക്കും അനാദരവിനും കാരണമാകുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അതേ സമയം യു.ഐ.ഡി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതിക വിഭാഗത്തെ സര്‍ക്കാര്‍ രൂപീകരിച്ചതായാണ് വിവരം.
നിലവില്‍ സ്‌കൂളുകളിലെ ഉച്ച ഭക്ഷണം, വിവിധ സാമൂഹിക സുരക്ഷ പദ്ധതികള്‍, മത്സര പരീക്ഷകള്‍ എന്നിവക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം, കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ യു. ഐ. ഡി സഹായിക്കുമെന്നും പഠന ശേഷം ഇവര്‍ക്ക് മതിയായ ജോലി ലഭിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനും ഇത് സഹായകരമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.