ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും പ്രെവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളിലും ആധാര്‍ നമ്പര്‍ അച്ചടിക്കുന്നതിന് യു.ജി.സിയുടെ വിലക്ക്. വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്പര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തരുതെന്ന് യൂണിവേഴ്‌സിറ്റികള്‍ക്ക് യു.ജി.സി നിര്‍ദേശം നല്‍കി. യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന ബിരുദ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ മുഴുവനായും അച്ചടിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ആലോചിക്കന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യു.ജി.സിയുടെ നിര്‍ദേശം.
നിലവിലെ ചട്ടപ്രകാരം പൂര്‍ണമായും ആധാര്‍ നമ്പര്‍ അച്ചടിക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അധികാരമില്ലെന്ന് യു.ജി.സി സെക്രട്ടറി മനീഷ് ജോഷി യൂണിവേഴ്‌സിറ്റികള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യു.ഐ. ഡി.എ.ഐയുടെ ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.