കഴിഞ്ഞ ആഴ്ച ഹവായ് ദ്വീപായ ഒവാഹുവിലെ നിവാസികള്‍ ഒരു അദ്ഭുത കാഴ്ച കണ്ടു. രാത്രി സമയത്ത് ആകാശത്ത് നീല നിറത്തിലുള്ള വസ്തു കണ്ടുവെന്നും ഇത് പിന്നീട് കടലില്‍ പതിച്ചുവെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പറക്കുന്ന അജ്ഞാത വസ്തുവിന്റെ ദൃശ്യങ്ങള്‍ നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹവായ് ന്യൂസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഫോട്ടോകളിലും വിഡിയോകളിലും തിളങ്ങുന്ന നീല നിറത്തിലുള്ള വസ്തു ആകാശത്തിലൂടെ സഞ്ചരിക്കുന്നതായാണ് കാണിക്കുന്നത്. ഈ കാഴ്ച കണ്ട നിരവധി പേര്‍ വിവിധ ഊഹാപോഹങ്ങളാണ് നടത്തിയത്. ചിലര്‍ അന്യഗ്രഹജീവികളെക്കുറിച്ച് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ താഴേക്കിറങ്ങിയ വിമാനങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ചിലര്‍ കൂടുതല്‍ ന്യായമായ, ശാസ്ത്രീയ വിശദീകരണങ്ങളുമായി വരാന്‍ ശ്രമിച്ചു. ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞത്, ഇത് യുഎഫ്ഒ ഒന്നുമല്ല, ഒരു എല്‍ഇഡി പട്ടം ആയിരിക്കാമെന്നാണ്
സംഭവത്തിന്റെ വിഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നീലനിറത്തിലുള്ള വസ്തു ഏറെ നേരം ആകാശത്ത് അതിവേഗം സഞ്ചരിക്കുന്നത് വിഡിയോകളില്‍ കാണാം. അന്യഗ്രഹ ജീവികളാണോ അതല്ല, സാങ്കേതിക പ്രശ്‌നത്തില്‍പെട്ട വിമാനമാണോ എന്നുവരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിഷയത്തില്‍ അമേരിക്കന്‍ ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഇടപെട്ടെങ്കിലും കൃത്യമായ വിശദീകരണം നല്‍കിയില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്.
യുഎഫ്ഒ കടന്നുപോകുന്നത് താന്‍ കണ്ടതായി മോറിയ എന്ന സ്ത്രീ ഹവായ് ന്യൂസിനോട് പറഞ്ഞു. ‘ഞാന്‍ മുകളിലേക്ക് നോക്കി, കണ്ടത് അദ്ഭുത കാഴ്ചയായിരുന്നു! അവള്‍ പറഞ്ഞു. ഈ കാഴ്ച എല്ലാവരെയും വിളിച്ച് കാണിച്ചുവെന്നും അവര്‍ പറഞ്ഞു. വിചിത്ര വസ്തു പിന്നീട് സമുദ്രത്തിലേക്ക് വീഴുകയായിരുന്നു.
പൊലീസില്‍ നിന്ന് യുഎഫ്ഒയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി എഫ്എഎ സ്ഥിരീകരിച്ചു. അവര്‍ക്ക് ഇതേക്കുറിച്ച് നിരവധി കോളുകള്‍ ലഭിച്ചു. വിമാനാപകടങ്ങളോ സംഭവങ്ങളോ ഈ സമയത്ത് ഉണ്ടായിട്ടില്ലെന്നാണ് എഫ്എഎ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.