X

മെസ്സിയില്ല, യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര അന്തിമപ്പട്ടികയായി: സലാഹിന് റെക്കോര്‍ഡ്

കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള ( യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍) അന്തിമപ്പട്ടികയായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്, യുവന്റസ്), ലൂക്കാ മോഡ്രിച് (റയല്‍ മാഡ്രിഡ്), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍) എന്നിവരാണ് അവസാന മുന്നില്‍ ഇടം നേടിയത്. അതേസമയം പുരസ്‌കാര പോരാട്ടത്തില്‍ കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാര്‍സലോണയുടെ നായകന്‍ ലയണല്‍ മെസ്സി അന്തിമപ്പട്ടികയില്‍ ഇടംനേടിയില്ല.

നിലവിലെ പുരസ്‌കാര ജേതാവായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്
തുടര്‍ച്ചയായ മൂന്നാംവട്ടവും ചാമ്പ്യന്‍സ് ലീഗ് നേടികൊടുത്തതാണ് അവസാന മൂന്നില്‍ ഇടം നേടാന്‍ കാരണം.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. റൊണാള്‍ഡോ തന്നെയാണ് ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോറര്‍. നടപ്പു സീസണിന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് നിന്ന് ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയിരുന്നു ക്രിസ്റ്റ്യനോ.

ലിവര്‍പൂളിനായി അരങ്ങേറ്റ സീസണില്‍ തന്നെ ഗംഭീര പ്രകടനം പുറത്തെടുത്താണ് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് നേട്ടമായത്. ചാമ്പ്യന്‍സ് ലീഗില്‍ പത്തു ഗോള്‍ നേടിയ താരം 44 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി നേടിയത്. ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിച്ചെങ്കിലും റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിന്റെ ഗുരുതരമായ ഫൗളില്‍ ഫൈനലിന്റെ ആദ്യപകുതിയില്‍ തന്നെ സലാഹിന് കളംവിടേണ്ടി വന്നിരുന്നു. അവസാന മൂന്നില്‍ ഇടം നേടിയതോടെ രണ്ടു റെക്കോര്‍ഡാണ് സലാഹിന് ലഭിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും അവസാന മുന്നില്‍ എത്തുന്ന ആദ്യതാരം. അവസാന മൂന്നില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ താരം എന്നി ഖ്യാതിയാണ് സലാഹ് സ്വന്തമാക്കിയത്. 2010-11 സീസണ്‍ മുതലാണ് യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം യുവേഫ ആരംഭിച്ചത്.

റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതും കൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചതുമാണ് ലൂക്കാ മോഡ്രിച്ചിനെ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ കാരണം. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ബോള്‍ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു.

സ്പാനിഷ് ലീഗ്, കോപ്പ ഡെല്‍ റേ എന്നി കിരീടങ്ങള്‍ ബാര്‍സക്കായ് നേടിയെങ്കിലും മെസ്സിക്ക് അവസാന മൂന്നില്‍ ഇടംനേടാനായില്ല. ലോകകപ്പിലും ചാമ്പ്യന്‍സ് ലീഗിലും വേണ്ടത്ര പ്രകടനം പുറത്തെടുക്കാന്‍ ആവാത്തതാണ് രണ്ടുവര്‍ഷം യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ തെരഞ്ഞെടുക്കപ്പെട്ട മെസ്സിക്ക് തിരിച്ചടിയായത്. പി.എസ്.ജിയുടെ ഫ്രഞ്ച് താരം എംബാപെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂണെ എന്നിവരാണ് അന്തിമപ്പട്ടികയില്‍ അവസരം ലഭിക്കാത്ത മറ്റു പ്രമുഖതാരങ്ങള്‍. ആഗസ്ത് 30ന് വിജയിയെ പ്രഖ്യാപിക്കും

chandrika: