മാഡ്രിഡ്: യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ചുഗലിനും സ്പെയിനിനും മിന്നും വിജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്ട്ലാന്റിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ക്കാണ് പോര്‍ചുഗല്‍ തകര്‍ത്തത്. പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് വിജയ ഗോള്‍ നേടിയത്. ഏഴാം മിനിറ്റില്‍ മക് ടോമിനിയിലൂടെ സേകോട്ട്ലാന്റാണ് ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ പോര്‍ചുഗലിന് കഴിഞ്ഞില്ല. 54ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ തകര്‍പ്പന്‍ ഗോളിലൂടെ തിരിച്ചടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ 900ാമത് ഗോള്‍ നേടിയ 39കാരന്റെ നാഷന്‍സ് ലീഗിലെ രണ്ടാം ഗോളായി മാറിയത്.
മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യന്‍മാരായ സ്പെയിനിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡിനെ തകര്‍ത്തത്. 20ാം മിനിറ്റില്‍ അത്ലറ്റിക്കോ മാഡ്രിഡ് പ്രതിരോധ താരം റോബിന്‍ ലെ നോര്‍മെന്‍ഡ് പുറത്തായതോടെ ഭൂരിഭാഗ സമയവും പത്തുപേരുമായി കളിച്ചാണ് സ്പെയിന്‍ ജയം സ്വന്തമാക്കിയത്. മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ എതിരില്ലാത്ത ഒരുഗോളിന് പോളണ്ടിനെ തോല്‍പ്പിച്ചു. 52ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലൂക്ക മാഡ്രിച്ചാണ് ഗോള്‍ നേടിയത്. എതിരില്ലാത്ത മൂന്നു ഗോളിന് സ്പെയിന്‍ എസ്റ്റോണിയയെ തോല്‍പ്പിച്ചു.