X
    Categories: MoreViews

യുവേഫ നാഷന്‍സ് ലീഗിന്റെ ചിത്രം തെളിഞ്ഞു; ലോകകപ്പിനു ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വാശിയേറിയ ഫുട്‌ബോള്‍ പോരാട്ടം

ക്ലബ്ബ് ഫുട്‌ബോള്‍ ലീഗിന്റെ മാതൃകയില്‍ യൂറോപ്പിലെ ദേശീയ ടീമുകള്‍ തമ്മില്‍ നടക്കുന്ന ‘യുവേഫ നാഷന്‍സ് ലീഗി’ന്റെ ചിത്രം തെളിഞ്ഞു. 2018-ല്‍ ആദ്യ സീസണ്‍ നിശ്ചയിച്ചിരിക്കുന്ന ലീഗിന്റെ എ, ബി, സി, ഡി എന്നീ നാല് കാറ്റഗറികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഹോളണ്ട്, കരുത്തര്‍ അണിനിരക്കുന്ന എ കാറ്റഗറിയില്‍ ഇടം പിടിച്ചു.

2018 ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ലീഗിന്റെ ജേതാവിനെ 2019 ജൂണില്‍ അറിയാം. നിലവില്‍ പ്രാദേശിക ലീഗുകളില്‍ ഉള്ളതു പോലെ പ്രൊമോഷന്‍ – റെലഗേഷന്‍ സമ്പ്രദായം ഉണ്ടാകുമെന്നതിനാല്‍ വന്‍ പോരാട്ടമാവും നടക്കുക. ഫിഫയുടെ പൂര്‍ണ പിന്തുണയോടെയാണ് ലീഗ് നടക്കുന്നത്.

ഫിഫയുടെ സൗഹൃദ മത്സരങ്ങള്‍ക്കു പകരമായാണ് യൂറോപ്പില്‍ വീറും വാശിയുമേറുന്ന ലീഗിന് അരങ്ങൊരുങ്ങുന്നത്. കാണികള്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ആവേശം പകരുന്ന പുതിയ സങ്കല്‍പം വന്‍ സാമ്പത്തിക ലാഭമുണ്ടാക്കും എന്നാണ് കരുതുന്നത്. ഫിഫ ലോകകപ്പിനെയും യൂറോ കപ്പിനെയും ബാധിക്കാത്ത വിധമാണ് ലീഗിന്റെ സംവിധാനം.

ജര്‍മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, ഇറ്റലി, പോളണ്ട്, ഐസ്‌ലാന്റ്, ഹോളണ്ട്, ക്രൊയേഷ്യ എന്നിവരാണ് എ ലീഗില്‍ ഏറ്റുമുട്ടുക.

ബി ലീഗില്‍ ഓസ്ട്രിയ, വെയില്‍സ്, റഷ്യ, സ്ലോവാക്യ, സ്വീഡന്‍, ഉക്രെയ്ന്‍, റിപ്പബ്ലിക് ഓഫ് അയര്‍ലാന്റ്, ബോസ്‌നി ഹെര്‍സഗൊവിന, ഉത്തര അയര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക് തുര്‍ക്കി ടീമുകളാണുള്ളത്.

നോര്‍വേ, സ്‌കോട്ട്‌ലാന്റ്, ഗ്രീസ്, സെര്‍ബിയ തുടങ്ങിയ 15 രാജ്യങ്ങള്‍ ലീഗ് സിയിലും ലിച്ചന്‍സ്റ്റിന്‍, സാന്‍ മറീനോ, ഗിബ്രാള്‍ട്ടര്‍, ബെലാറസ്, മാസഡോണിയ തുടങ്ങി 16 ടീമുകള്‍ ഡിയിലും അണിനിരക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: