X

യുവേഫ ചാമ്പ്യന്‍സ് ലീഗ്: വിജയ വഴിയില്‍ തിരിച്ചെത്തി റയല്‍ മാഡ്രിഡ്, എംബാപ്പെക്ക് 50ാം ഗോള്‍

ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക മത്സരം ജയിച്ചുകയറി മുന്‍ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ്. തുടര്‍ച്ചയായ രണ്ടു തോല്‍വികളുമായി നോക്കൗട്ട് റൗണ്ട് സാധ്യത ഭീഷണിയിലായ സ്പാനിഷ് ക്ലബ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അറ്റ്‌ലാന്റയെ വീഴ്ത്തിയത്.

സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍  റയലിനായി വലകുലുക്കി. ചാള്‍സ് ഡി കെറ്റെലറെ, അഡെമോളെ ലുക്ക്മാന്‍ എന്നിവരാണ് ഇറ്റലി ക്ലബിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. മത്സരത്തില്‍ 10ാം മിനിറ്റില്‍ ബ്രാഹിം ഡിയാസിന്റെ പാസില്‍നിന്ന് സൂപ്പര്‍ താരം എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ 50ാം ഗോളാണിത്. സീസണില്‍ റയലിനായി താരത്തിന്റെ 12ാം ഗോളും. ഇതിനിടെ താരത്തിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത് റയലിന് തിരിച്ചടിയായി. 36ാം മിനിറ്റില്‍ പകരക്കാരനായി ബ്രസീല്‍ താരം റോഡ്രിഗോ ഗ്രൗണ്ടിലെത്തി.

ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ (45+2) ചാള്‍സ് ഡി കെറ്റെലറെയിലൂടെ അറ്റ്‌ലാന്റ സമനില പിടിച്ചു. ബോക്‌സിനുള്ളില്‍ സീഡ് കൊലാസിനാക്കിനെ ഫൗള്‍ ചെയ്തതിനാണ് അറ്റ്‌ലാന്റക്ക് അനുകൂലമായി സ്‌പോട്ട് കിക്ക് വിധിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ച റയല്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയ ബ്രസീല്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിലൂടെ വീണ്ടും മുന്നിലെത്തി. 56ാം മിനിറ്റിലായിരുന്നു ഗോള്‍. മൂന്ന് മിനിറ്റിനുള്ളില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍നിന്ന് ബെല്ലിങ്ഹാം ടീമിന്റെ മൂന്നാം ഗോളും നേടി. 65ാം മിനിറ്റില്‍ ലുക്ക്മാന്‍ അറ്റ്‌ലാന്റയുടെ തോല്‍വി ഭാരം കുറച്ചു.

എംബാപ്പെ 79 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍നിന്നാണ് 50ാം ഗോള്‍ നേട്ടത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഗോളുകളില്‍ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് (25 വയസ്സും 356 ദിവസവും). ലോക ചാമ്പ്യന്‍ ലയണല്‍ മെസ്സിയാണ് ഒന്നാമത് (24 വയസ്സും 284 ദിവസവും). പി.എസ്.ജിയില്‍നിന്ന് സീസണില്‍ ക്ലബിലെത്തിച്ച എംബാപ്പെ ഫോമിലേക്ക് ഉയരുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് ക്ലബ് അധികൃതര്‍ നല്‍കുന്ന സൂചന.

ഡാനി കാര്‍വഹാല്‍, എഡര്‍ മിലിറ്റാവോ, കമവിംഗ എന്നിവരെല്ലാം പരിക്കേറ്റ് ടീമിന് പുറത്താണ്. ആറ് മത്സരങ്ങളില്‍നിന്ന് മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി ഒമ്പത് പോയന്റുള്ള റയല്‍ 18ാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 11 പോയന്റുള്ള അറ്റ്‌ലാന്റ ഒമ്പതാം സ്ഥാനത്തും. ആദ്യ എട്ട് സ്ഥാനക്കാര്‍ നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ബാക്കിയുള്ള എട്ടു ടീമുകള്‍ പ്ലേ ഓപ് കളിച്ചുവേണം അവസാന പതിനാറിലെത്താന്‍.

webdesk13: