കോട്ടത്തറ: കബനീ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി റീ ബിൽഡ് കേരളയുടെ ഫണ്ട് ഉപയോഗിച്ച് കോട്ടത്തറ പഞ്ചായത്തിലെ തോടുകളിലും നീർത്തടങ്ങളിലും വെച്ച് പിടിപ്പിക്കുന്ന ജൈവ വേലി നിർമാണത്തിൽ മൂപ്പെത്താത്ത കവുങ്ങിൻ ചീളുകൾ ഉപയോഗിച്ചു ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയവർക്കെതിരേ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു യു.ഡി. വൈ. എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ട് കെട്ടിനെതിരേ ജൈവ വേലി തീർത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സാധരണ ഗതിയിൽ രാമച്ചം , ചെമ്പരത്തി , കൈത തുടങ്ങിയ ചെടികൾ ഉപയോഗിച്ചാണ് ജൈവവേലി നിർമ്മിക്കാറുള്ളത്. മണ്ണിന്റെ ഘടനയോ ശാസ്‌ത്രീയമായ പഠനങ്ങളോ ഇല്ലാതെ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ കർഷകർക്ക് ദ്രോഹമായി തീരുകയാണ്. മണ്ണും ജലവും വയലും തോടും സംരക്ഷിണത്തിനുള്ള പണം കൊള്ളയടിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരുന്നതിനുള്ള അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും യു ഡി വൈ എഫ് ആവശ്യപ്പെട്ടു.
പദ്ധതി പ്രദേശങ്ങളിലേ വിവിധ കേന്ദ്രങ്ങളിലായിരുന്നു വൈവിധ്യമായ പ്രതിഷേധങ്ങൾ നടത്തിയത്. ജൈവ വേലി കെട്ടിയും തോട്ടുവരമ്പിൽ പ്ലേക്കാർഡുകൾ ഉയർത്തിയും വയലിൽ പ്രതിഷേധ ജ്വാല തീർത്തുമാണ് സമരം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ സമരം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം.പി നവാസ് ഉദ്ഘാടനം ചെയ്തു. പി. എ.വിനോജ് അദ്ധ്യക്ഷത വഹിച്ചു.മറ്റു കേന്ദ്രങ്ങളിൽ ഗഫൂർ വെണ്ണിയോട്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് ഫസൽ,എം.സിറാജ് സിദ്ധീഖ്,ജിത്തു വാളൽ,വി പി സി ഹക്കീം,ജിതിൻ കുഴിക്കാട്ടിൽ,കെ.കെ.മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.