X

ശബരിമലയില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി യു.ഡി.എഫ്; നിരോധനാജ്ഞ ലംഘിക്കും

കൊച്ചി: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. യുഡിഎഫ് സംഘം നാളെ ശബരിമല സന്ദര്‍ശിക്കാനാണ് നീക്കം. ഇതിലൂടെ ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനും പദ്ധതിയുണ്ട്. ശബരിമല വിഷയം വിവാദമായ സംഭവത്തില്‍ വകുപ്പ് തല പരാജയം പ്രകടമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പ്രദേശത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പൊലീസിന്റെ അതിക്രമങ്ങളെ യുഡിഎഫ് ശക്തമായി അപലപിക്കുന്നു. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ 144 പിന്‍വലിക്കണം. പൊലീസ് ഭക്തന്മാരോട് കുതിര കയറുകയാണ്. തീര്‍ത്ഥാടകര്‍ പോലും ഇപ്പോള്‍ വരാത്ത അവസ്ഥയാണ് ശബരിമലയില്‍.

ഭക്തര്‍ക്ക് ശബരിമലയില്‍ വരാന്‍ ഇപ്പോള്‍ പേടിയാണ്. പൊലീസിന്റെ ഈ തേര്‍വാഴ്ച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. കേരളത്തിലെ മുഖ്യമന്ത്രി ഭക്ത ജനങ്ങളോട് യുദ്ധം പ്രക്യാപിക്കുകയാണ്. ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ നിരോധനാജ്ഞയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ യു.ഡി.എഫ് അനുവദിക്കില്ലെന്നും സാവകാശ ഹര്‍ജിയുടെ പേരില്‍ നിരോധനാജ്ഞ നീട്ടികൊണ്ടു പോയാല്‍ യു.ഡി.എഫ് ലംഘിക്കുമെന്നും കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.

chandrika: