ന്യൂഡല്‍ഹി: ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ വിമര്‍ശനവുമായി ബി.ജെ.പി എം.പി രംഗത്ത്. ഉനയിലെ 450 ഓളം ദളിതര്‍ ബുദ്ധ മതത്തിലേക്ക് മതം മാറിയതിനു പിന്നില്‍ സാമുഹിക അനീതിയാണെന്ന് ബി.ജെ.പി എം.പിയായ ഉദിത് രാജ് പറഞ്ഞു.
വളരെ അപകടകരമായ അവസ്ഥയാണിത്. മീശവെക്കുന്നതിനു പോലും ദളിതരെ ആക്രമിക്കുകയാണെന്നും ഇതിനെന്ത് ബദലാണുള്ളതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2016-ല്‍ പശു സംരക്ഷകരുടെ ആക്രമണത്തിന് ഇരയായ ദളിതരുടെ കുടുംബാംഗങ്ങളടക്കം ആയിരത്തിലധികം ദളിതരാണ് കഴിഞ്ഞ ദിവസം ഉനയിലെ മോട്ടാ സമാദിയാല ഗ്രാമത്തില്‍ ബുദ്ധമതം സ്വീകരിച്ചത്.
ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയായ ബാലു സര്‍വ്വയ്യയും ഭാര്യ കുന്‍വറും മക്കളായ വാഷ്‌റാമും രമേഷും മതം മാറിയവരിലുണ്ടായിരുന്നു. താന്‍ അന്ധവിശ്വാസത്തെ ഉപേക്ഷിച്ചെന്നും സ്വാതന്ത്ര്യം തോന്നുന്നുണ്ടെന്നും മതം മാറിയതിന് ശേഷം ബാലു പറഞ്ഞു. ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തപ്പോള്‍, ഈ ആചാരങ്ങളും വിശ്വാസങ്ങളും എനിക്ക് ബാധ്യതയാവുകയാണെന്ന് താന്‍ തിരിച്ചറിയുകയായിരുന്നുവെന്നും ബാലു പറഞ്ഞു.