ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔേദ്യാഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ തലപ്പത്തേക്കാണ് ഉദയനിധിയുടെ കടന്നുവരവെന്നാണ് റിപ്പോര്‍ട്ടുകള്‍. അറിയപ്പെടുന്ന സിനിമാ താരം കൂടിയായ ഉദയനിധിയുടെ വരവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ക്കുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
ഡി.എം.കെയുടെ മുന്‍മന്ത്രി കൂടിയായ വെള്ളക്കോവില്‍ സ്വാമിനാഥന്‍ ആയിരുന്നു യൂത്ത് വിങ് സെക്രട്ടറി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സ്വാമിനാഥന്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇതുസംബന്ധിച്ച് ഡി.എം.കെ നേതൃത്വം ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
അച്ഛന്‍ എം.കെ സ്റ്റാലിന്‍ 35 വര്‍ഷത്തോളം വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് മകന്‍ ഉദയനിധി എത്തുന്നത്. ഉദയനിധിയുടെ വരവോടെ കരുണാനിധി കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെ എണ്ണം നാലായി ഉയരുകയാണ്. കരുണാനിധിയെ കൂടാതെ എം.കെ സ്റ്റാലിനും കനിമൊഴിയും അഴഗിരിയുമാണ് ഇതുവരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുളളത്. ഔദേ്യാഗികമായി സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി ഡി.എം.കെയുടെ പരിപാടികളിലും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും സ്ഥിരം സാന്നിധ്യമാണ് ഉദയനിധി. പാര്‍ട്ടി മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്ന അദ്ദേഹം മുരശൊലി ട്രസ്റ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്.
ഉദയനിധി ഭാവി വാഗ്ദാനമാണെന്നും പാര്‍ട്ടിയെ കൂടുതല്‍ ഉന്നതങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഡി.എം.കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ടി.ആര്‍ ബാലു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണിതെന്നായിരുന്നു ഡി.എം.കെ ചെന്നൈ സൗത്ത് ജില്ലാ സെക്രട്ടറി മാ സുബ്രഹ്മണ്യന്റെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേടിയ ഉജ്ജ്വല വിജയത്തില്‍ ഉദയനനിധിക്കും പങ്കുണ്ടെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത മറ്റൊരു നേതാവിന്റെ പ്രതികരണം.