X
    Categories: NewsViews

5000 കള്ളവോട്ടിന് തെളിവുമായി യു.ഡി.എഫ്

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം കേന്ദ്രങ്ങളില്‍ കള്ളവോട്ടുകള്‍ ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി കള്ളവോട്ടു ചെയ്തത്. മരിച്ചവരുടെയും വിദേശത്തുമുള്ളവരുടെയും വോട്ടുകള്‍ ഉള്‍പ്പെടെ ചെയ്തതായി തെളിവു ലഭിച്ചു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 40ഓളം ബൂത്തുകളിലും മട്ടന്നൂര്‍ മണ്ഡലത്തിലെ 30ഓളം ബൂത്തുകളിലും ധര്‍മടത്ത് 20ല്‍ അധികം ബൂത്തുകളിലുമാണ് വ്യാപകമായി കള്ളവോട്ടുകള്‍ നടന്നത്. ഇതിനുള്ള തെളിവുകളും യു.ഡി.എഫ് ശേഖരിച്ചിട്ടുണ്ട്. ഒരാള്‍ തന്നെ അഞ്ച് വോട്ടു ചെയ്ത സംഭവം വരെ ഇതിലുണ്ട്. ഇവയുടെ ദൃശ്യം ശേഖരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
ജില്ലയിലെ സി.പി.എം കേന്ദ്രങ്ങളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ യു.ഡി.എഫ് ശേഖരിക്കും. ഇതിനായി വിവരാവകാശ നിയമ പ്രകാരം ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ജില്ലയിലെ 1857 ബൂത്തുകളില്‍ 1841 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. എന്നാല്‍ 16 ബൂത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വീഡിയോ റെക്കോര്‍ഡിംഗ് ആണ് ചെയ്തത്. ഇവ ഉള്‍പ്പെടെ ലഭ്യമാക്കാനായിരിക്കും യുഡിഎഫ് അപേക്ഷ സമര്‍പ്പിക്കുക.
ദൃശ്യങ്ങള്‍ പ്രാദേശിക നേതൃത്വം പരിശോധിച്ച് മേല്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതിനുശേഷം പ്രിസൈഡിംഗ് ഓഫീസര്‍മാരെ കക്ഷി ചേര്‍ത്ത് നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ തവണ എരുവേശിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കേസെടുത്തിരുന്നു. ഇതിന്റെ നടപടി തുടരുകയാണ്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അയ്യായിരത്തോളം കള്ളവോട്ടുകള്‍ ചെയ്തതിന്റെ തെളിവുകളാണ് യുഡിഎഫിന്റെ കയ്യിലുള്ളത്. ഇതിനെതിരെ വ്യത്യസ്ത കേസുകളായിട്ടായിരിക്കും കോടതിയെ സമീപിക്കുക.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ടുകള്‍ നടന്നത്. 12 ബൂത്തുകളില്‍ 95 ശതമാനത്തിനും 45 ബൂത്തുകളില്‍ 90ശതമാനത്തിനും മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തിലെ 20 ബൂത്തുകളില്‍ 90ശതമാനത്തിനു മുകളിലുംരണ്ടു ബൂത്തുകളില്‍ 95 ശതമാനത്തിനു മുകളിലുമാണ്. മട്ടന്നൂരില്‍ 26 ബൂത്തുകളില്‍ 90 ശതമാനത്തിനു മീതെ പോളിങ് രേഖപ്പെടുത്തി. രണ്ടിടത്ത് 95 ശതമാനത്തിനു മുകളിലാണ്. എന്നാല്‍ യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള പേരാവൂരിലും ഇരിക്കൂറിലും കണ്ണൂരിലും ഒരു ബൂത്തില്‍ പോലും 95 ശതമാനം കടന്നിട്ടില്ല.
പ്രവാസി വോട്ടുകള്‍ ചെയ്തതിനെതിരെയായിരിക്കും ആദ്യഘട്ടത്തില്‍ നിയമ നടപടി സ്വീകരിക്കുക. യഥാര്‍ത്ഥ വോട്ടര്‍മാര്‍ നാട്ടിലില്ലെന്ന് തെളിയിക്കാന്‍ എളുപ്പമാണ്. അയ്യായിരത്തോളം കള്ളവോട്ടു ചെയ്തതിന്റെ തെളിവുകളാണ് നിലവില്‍ യുഡിഎഫിന്റെ കയ്യിലുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രം പരാതി നല്‍കി ഇത് അവസാനിപ്പിക്കില്ലെന്ന് ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി പറഞ്ഞു. കള്ളവോട്ടിന് സഹായിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. ഇത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നിര്‍ഭയമായി വോട്ടു ചെയ്യാനുള്ള സാഹചര്യം ഒരുക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പേ നിയമ നടപടി തുടങ്ങാനാണ് തീരുമാനം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള നിയമയുദ്ധം പോലെയായിരിക്കും കള്ളവോട്ടിനെതിരെയുള്ള യുദ്ധവുമെന്ന് കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രതികരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: