X

പുതുപ്പള്ളിയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും: വി.ഡി സതീശന്‍

പുതുപ്പള്ളിയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് എത്ര മണിക്കൂറാണ് എന്ന പ്രശ്‌നം മാത്രമെയുള്ളൂ. ഇന്നു തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ല. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല വിജയം നേടും. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസിലുണ്ട്. ഈ സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നത്.

സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഒന്നു കൂടി തുറന്നു കാട്ടാനും വിചാരണ ചെയ്യാനുമുള്ള അവസരമാക്കി ഉപതെരഞ്ഞെടുപ്പിനെ മാറ്റും. വിജയിക്കാന്‍ വേണ്ടി മാത്രമല്ല, രാഷ്ട്രീയമായി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്.

ആശയപരമായും രാഷ്ട്രീയമായും തെരഞ്ഞെടുപ്പിനെ നേരിടും. പൂര്‍ണമായ ആത്മവിശ്വാസമുണ്ട്. തൃക്കാക്കരയിലേതു പോലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിന്ന് വിജയം നേടും അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk11: