X
    Categories: CultureNewsViews

ഉയര്‍ന്ന പോളിങ് ആര്‍ക്ക് നേട്ടമാകും? ചരിത്രം പറയുന്നത് യു.ഡി.എഫ് തരംഗം

ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയാല്‍ പൊതുവേ യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തവണയുണ്ടായ അത്ഭുതപ്പെടുത്തുന്ന പോളിംഗ് കേരളത്തെ ഏത് ദിശയിലേക്കാണ് നയിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. 20 മണ്ഡലങ്ങളില്‍ പ്രതീക്ഷവെക്കുന്നതായി പോളിംഗിന് ശേഷവും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ ഉറച്ചകോട്ടകളിലെ പോളിംഗ് ചൂണ്ടിക്കാട്ടി മികച്ച നേട്ടമുണ്ടാക്കുമെന്ന് എല്‍.ഡി.എഫും ഉറപ്പിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയിക്കുമെന്നും മറ്റിടങ്ങളില്‍ നില മെച്ചപ്പെടുത്തുമെന്നുമാണ് ബി.ജെ.പിയുടെ അവകാശവാദം.
അതേസമയം 70 ശതമാനത്തിന് മേല്‍ പോളിംഗ് ഉയര്‍ന്ന സാഹചര്യങ്ങളിലെല്ലാം യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയുണ്ടാകുമെന്ന് 2014ലെ തെരെഞ്ഞെടുപ്പിനെ പോലും ഉദാഹരണമാക്കി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം 74.02 ആയിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 77 ശതമാനം ആയി. പൂര്‍ണമായ ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇതിന് മുകളിലേക്കും പോളിംഗ് ശതമാനം ഉയര്‍ന്നേക്കാം.
ഉയര്‍ന്ന പോളിംഗ് ശതമാനം ഫലത്തെ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഉയര്‍ന്ന പോളിംഗ് ശതമാനം ഗുണമാകുമെന്ന് മൂന്ന് മുന്നണികളും കണക്കുകൂട്ടുന്നു. ബി.ജെ.പി കേരളത്തില്‍ ഒരിടത്തും രണ്ടാമത് പോലും എത്തില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. അതേസമയം കേരളത്തില്‍ താമര വിരിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറയുന്നു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം കനത്ത പോളിംഗ് നടന്നത് പ്രവചനങ്ങളെ അപ്രസക്തമാക്കുന്നുണ്ട്. ശശി തരൂരും സി. ദിവാകരനും കുമ്മനം രാജശേഖരനും കൊമ്പുകോര്‍ക്കുന്ന തിരുവനന്തപുരത്ത് നാടിളക്കിയുള്ള പ്രചാരണം റെക്കോഡ് പോളിംഗായി പ്രതിഫലിച്ചു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാതികള്‍ ആദ്യ മണിക്കൂറുകളില്‍ ഉദ്വേഗവും വിവാദവും ഉയര്‍ത്തിയ ഇവിടെ വൈകിട്ടോടെ ശക്തമായ പോളിംഗാണ് നടന്നത്. തീരദേശ മേഖലയിലും കനത്ത പോളിംഗാണ് കണ്ടത്. തീരദേശ മേഖല ഇത്തവണ ആരെ തുണച്ചുവെന്നത് വിധിയെഴുത്തില്‍ നിര്‍ണായകമാകും.
മൂന്ന് മുന്നണികളുടേയും പ്രചാരണം തീ പാറിയ പാലക്കാട്ടും തൃശ്ശൂരും വോട്ടിംഗ് ശതമാനം ഉയര്‍ന്നുതന്നെ നിന്നു. കഴിഞ്ഞ തവണ എണ്‍പത് ശതമാനം പിന്നിട്ട കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ഇത്തവണയും പോളിംഗ് സമയം മുഴുവന്‍ വോട്ടര്‍മാര്‍ കൂട്ടമായി വോട്ട് ചെയ്യാനെത്തി. മധ്യകേരളത്തില്‍ ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി നഗര മേഖലകളിലും വലിയ ആവേശം പ്രകടമായപ്പോള്‍ എറണാകുളത്തും പോളിംഗ് ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ത്രികോണ പോരാട്ടത്തിന്റെ ആവേശം പ്രതിഫലിച്ചു. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനമായ 65.67 നാല് മണിയോടെ തന്നെ പത്തനംതിട്ട മറികടന്നു. വോട്ടിംഗ് ശതമാനത്തിലെ ഉയര്‍ച്ച എല്ലാവരും സ്വന്തം പക്ഷത്തെ തുണക്കും എന്ന് കണക്കുകൂട്ടുന്നു. ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമായ പത്തനംതിട്ടയില്‍ നടന്ന അടിയൊഴുക്കുകള്‍ പ്രവചനാതീതം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: