യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനു പിന്നിൽ എൽഡിഎഫ് സർക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയും അഴിമതിയുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.പാർട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മിഷനെ സർക്കാർ സ്‌പോൺസേഡ് സ്ഥാപനമാക്കി മാറ്റി.അവരാണ് അഴിമതി നടത്താൻ സർക്കാരിന് ഒത്താശ ചെയ്തത്. കരാർ റദ്ദാക്കി 5 മാസത്തിനു ശേഷം പുനഃസ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചതു ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്.വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.