തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഏത് സമയത്തും നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിനും യു.ഡി.എഫിനും മണ്ഡലത്തിലുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തും. എ.ഐ.സി.സിയുടെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ എത്രയും വേഗത്തില്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ ഉജ്ജ്വലമായ ഭൂരിപക്ഷത്തില്‍ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും. കെ റെയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ആശയങ്ങളും ജനങ്ങളിലേക്കെത്തിക്കുമെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.
സില്‍വര്‍ ലൈന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ചര്‍ച്ചാ വിഷയവും അതു തന്നെയായിരിക്കും. യു.ഡി.എഫിന് ഉജ്ജ്വമായ വിജയമുണ്ടായില്ലെങ്കില്‍ അത് സില്‍വര്‍ ലൈന്‍ നടപ്പാക്കാനുള്ള ജനങ്ങളുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടാം. അതിനാല്‍ കെ റെയില്‍ ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി തന്നെ മുന്നോട്ടു വയ്ക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.
കേരളീയ സമൂഹം യു.ഡി.എഫിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. ഗ്രാമവാസികളെക്കാള്‍ ഗൗരവത്തോടെയാണ് നഗരവാസികള്‍ സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നത്. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളം തകര്‍ന്നു പോകുമെന്ന് നഗരത്തിലെ ജനങ്ങള്‍ ഗൗരവത്തില്‍ ചിന്തിക്കുന്നുണ്ട്. ഏത് സ്ഥാനാര്‍ഥി വന്നാലും പി.ടി തോമസിന്റെ പിന്‍ഗാമിയായിരിക്കും. പി.ടിക്ക് ജനങ്ങളുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും ലഭിക്കും. കേരളം രാഷ്ട്രീയമായി ചിന്തിക്കുന്ന സംസ്ഥാനമാണ്. അതുകൊണ്ടു തന്നെ ആം ആദ്മി പോലെ അരാഷ്ട്രീയ വാദം ഉയര്‍ത്തുന്നവരുടെ അജണ്ട കേരളത്തില്‍ വിലപ്പോകില്ലെന്ന് വിഡി സതീശന്‍ കൂട്ടിചേര്‍ത്തു.