കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്‍.സി പിന്‍വാങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭമാരംഭിക്കുന്നു.
കോഴിക്കോട് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ.എം.കെ മുനീര്‍ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം.
ബഹുജനപ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടത്തില്‍ ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെ പ്രമുഖരെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെത്തുടര്‍ന്നാണ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്ന് കഴിഞ്ഞ ദിവസം ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഡി.എം.ആര്‍.സി ഇല്ലെങ്കിലും പദ്ധതി നടക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.