X
    Categories: keralaNews

താനൂരില്‍ യുഡിഎഫിന് ചരിത്ര വിജയം; മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി യുഡിഎഫ്

തിരൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് നേടിയത് ചരിത്ര വിജയം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുമെന്നും മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 101 യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് 30ന് വൈകുന്നേരം മൂന്ന് മണിക്ക് താനൂരില്‍ സ്വീകരണം നല്‍കും. മൂലക്കല്‍ അങ്ങാടിയില്‍ നിന്നും ജനപ്രതിനിധികളെ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ. വി.വി പ്രകാശ്, വി.ടി ബല്‍റാം എംഎല്‍എ, സിദ്ദീഖലി രാങ്ങാട്ടൂര്‍, അഷ്‌റഫ് വൈലത്തൂര്‍ പങ്കെടുക്കും.

മണ്ഡലത്തിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടുണ്ട്. പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ സിപിഎം ഭരണം നടത്തുന്ന നിറമരുതൂരില്‍ ആദ്യമായി അധികാരത്തിലെത്തുകയും പ്രമുഖ സിപിഎം നേതാവിനെയടക്കം പരാജയപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഒഴൂര്‍ ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിക്കുകയും, താനൂര്‍ മുന്‍സിപ്പാലിറ്റി, പൊന്‍മുണ്ടം, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തുകളില്‍ തുടര്‍ഭരണം ലഭിക്കുകയും ചെയ്തു. താനാളൂരില്‍ സിപിഎം കുത്തക സീറ്റില്‍ സിപിഎം ഏരിയ സെക്രട്ടറി ഒരു വോട്ടിന് മാത്രമാണ് വിജയിച്ചത്. വലിയ തിരിച്ചടിയാണ് താനൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന് നേരിടേണ്ടി വന്നതെന്നും വികസനത്തിന്റെ പേരിലുള്ള കാപട്യം താനൂരിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: