യുഡിഎഫ് സംഘം നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു. എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്ന് പൊലീസ്. എസ്പി: യതീശ്ചന്ദ്രയുമായി വാക്കുതര്‍ക്കമുണ്ടായി. 144 പിന്‍വലിക്കാന്‍ ഡിജിപിയോട് പറയൂവെന്നും രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു. തീര്‍ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞയെന്ന് ഉമ്മന്‍ ചാണ്ടി പൊലീസിനോട് പറഞ്ഞു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചില്ലെങ്കില്‍ ലംഘിക്കുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. കലാപമുണ്ടാക്കാനല്ല, ഭക്തര്‍ക്കുവേണ്ടിയാണ് യു.ഡി.എഫ് നിലപാട്. ആരാധനസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. നാമജപം തെറ്റെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ശബരിമലയിലേക്ക് പുറപ്പെടും മുന്‍പ് ചോദിച്ചു.
സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ ചാണ്ടിയും കുറ്റപ്പെടുത്തി. ഭക്തര്‍ക്കുവേണ്ടി ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നേതാക്കള്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. ആരാധനാ സ്വാതന്ത്രങ്ങള്‍ക്ക് വിലങ്ങിടുന്ന നടപടികള്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശബരിമല യാത്ര.