X
    Categories: CultureMoreViews

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: യു.ഡി.എഫ് വഞ്ചനാദിനം ആചരിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം നടക്കുന്ന മെയ് 18ന് സംസ്ഥാനത്തൊട്ടാകെ വഞ്ചനാദിനമായി ആചരിക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടാകും കൂട്ടായ്മ. സര്‍ക്കാറിനെതിരെ യു.ഡി.എഫ് കുറ്റപത്രം തയാറാക്കും. പ്രതിഷേധ കൂട്ടായ്മകളില്‍ കുറ്റപത്രം വായിക്കുകയും വിതരണവും നടത്തും. ഈ രീതിയില്‍ ആഘോഷിക്കാന്‍ സര്‍ക്കാറിന് യാതൊരു അര്‍ഹതയുമില്ല. എന്തു നേട്ടമാണ് ആഘോഷിക്കാനുള്ളതെന്ന് മനസിലാകുന്നില്ലെന്ന് കണ്‍വീനര്‍ പി. പി തങ്കച്ചന്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. റേഷന്‍ കടകളില്‍ പഞ്ചസാരയില്ല. പലവ്യഞ്ജന സാധനങ്ങളും ലഭ്യമല്ല. വിഷു ചന്തകള്‍പോലും നടത്താന്‍ സര്‍ക്കാറിന് സാധിച്ചില്ല. കോവളത്തെ വിദേശ വനിതയുടെ ദുരൂഹ മരണത്തില്‍ ഫലപ്രദമായ അന്വേഷണം വേണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ല. വിദേശ വിനോദസഞ്ചാരികള്‍ക്ക് പോലും സംസ്ഥാനത്ത് സുരക്ഷ ലഭിക്കുന്നില്ല. വിദേശ സഞ്ചാരികള്‍ പരാതികളുമായി സമീപിച്ചാല്‍പോലും അത് ഗൗരവമായി പൊലീസ് എടുക്കുന്നില്ല. കേരളത്തിലേക്ക് വരാന്‍ വിദേശികള്‍ യപ്പെടുന്ന സാഹചര്യമാണെന്നും തങ്കച്ചന്‍ കുറ്റപ്പെടുത്തി. ജനതാദളിലെ ഒരു വിഭാഗം യു.ഡി.എഫിനൊപ്പമാണെന്നും അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചെങ്ങന്നൂരിലെ ജനങ്ങളുടെ മനസ് യു.ഡി.എഫിനൊപ്പമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കിട്ടുന്ന ആദ്യ അവസരമാണിതെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: