25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ആലപ്പുഴയിലെ രാമങ്കരി പഞ്ചായത്ത് ഭരണം പിടിച്ച് യുഡിഎഫ്. ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം ആര്‍. രാജുമോനെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ 4 അംഗങ്ങള്‍ യുഡിഎഫിനെ അനുകൂലിച്ച് വോട്ട് ചെയ്തു. വിപ്പ് ലംഘിച്ചാണ് സിപിഎം അംഗങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്.
കഴിഞ്ഞ മേയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിന് പിന്നാലെ പ്രസിഡന്റ് ആര്‍.രാജേന്ദ്ര കുമാര്‍ പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ച് സിപിഐയില്‍ ചേര്‍ന്നിരുന്നു. രാമങ്കരി പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും കൊടുകാര്യസ്ഥതക്കുമെതിരൊയിരുന്നു യുഡിഎഫ് അവിശ്വാസ പ്രമേയം.
രാമങ്കരിയിലെ 13 അംഗ ഭരണസമിതിയില്‍ അവിശ്വാസത്തിന് അനുകൂലമായി 8 വോട്ടുകളാണ് ലഭിച്ചത്. സിപിഎമ്മിന്റെ നാലംഗങ്ങള്‍ യുഡിഎഫ് അവിശ്വാസത്തെ തുണച്ചു. ആകെ 9 അംഗങ്ങളാണ് സിപിഎമ്മിനുണ്ടായിരുന്നത് അതില്‍ രാജേന്ദ്രകുമാര്‍ അടക്കം ആറുപേര്‍ സിപിഎമ്മുമായി അകന്നു നില്‍ക്കുകയായിരുന്നു.
സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടനാട്ടില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാമങ്കരിയിലാണ്. മുന്നൂറോളം പേര്‍ കുട്ടനാട്ടില്‍ സിപിഎം വിട്ട് സിപിഐയുടെ ഭാഗമായിരുന്നു. സിപിഎം ടിക്കറ്റില്‍ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്.