X
    Categories: CultureNewsViews

പാല: യു.ഡി.എഫ് സുസജ്ജം; ഒറ്റക്കെട്ടായി നേരിടുമെന്ന് നേതാക്കള്‍

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍ അധ്യക്ഷനായി ഒമ്പതംഗ കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. വി.ഡി സതീശന്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഷിബൂബേബി ജോണ്‍, ജോണി നെല്ലൂര്‍, സി. പി ജോണ്‍, ദേവരാജന്‍, ജോണ്‍ ജോണ്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് ചെയര്‍മാന്‍, യു.ഡി.എഫ് കണ്‍വീനര്‍ തുടങ്ങിയവര്‍ യു. ഡി.എഫിലെ വിവിധ കക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. പാലായില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്ലാ ഘടകകക്ഷികളുടെയും വിലയിരുത്തല്‍.
54 വര്‍ഷം പാലാ നിയോജക മണ്ഡലത്തെ നിയമസഭില്‍ പ്രതിനിധീകരിച്ച മാണി സാറിന് ആ മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരവും സ്‌നേഹവും ഇനിയും അവിടെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നുവെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല പറഞ്ഞു. പാലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിലവില്‍ കേരളാ കോണ്‍ഗ്രസില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. അതിനെപ്പറ്റി യു.ഡി.എഫ് നേതൃത്വം ആ പാര്‍ട്ടിയുമായി വിശദമായി ചര്‍ച്ച നടത്തി. ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തിരുമാനമാണ് എടുത്തത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും മറ്റുകാര്യങ്ങളെ സംബന്ധിച്ചും യോജിച്ചുള്ള തിരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാകും. അക്കാര്യത്തില്‍ യു.ഡി. എഫിന് നല്ല ശുഭാപ്തി വിശ്വാസമാണുള്ളത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. യു ഡി എഫ് ഒറ്റെക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: