മലപ്പുറം: ഡി.ജി.പി ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇന്നലെ മലപ്പുറത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് ക്രൂരതക്കെതിരെയുള്ള താക്കീതായി. പ്രതിഷേധ യോഗം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയിട്ടും പൊലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് ക്രൂരതയുടെ മുഖമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു തെറ്റും വീഴ്ചയും പൊലീസിന്റെ ഭാഗത്തില്ല എന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ഒരമ്മയേയും കുടുംബത്തേയും പൊലീസ് ക്രൂരമായി വലിച്ചിഴക്കുന്നത് ലോകം കണ്ടതാണ്. എന്നിട്ടും അതിനെ ഒരു മുഖ്യമന്ത്രി ന്യായീകരിക്കുന്നത് കേരളം ഭയത്തോടെ കാണണം. സ്വന്തം മകന്റെ മരണത്തില്‍ വേദന തിന്നു കഴിയുന്ന ഒരമ്മയാണ് നീതിക്ക് വേണ്ടി കെഞ്ചി പൊലീസിന്റെ പടിവാതില്‍ കയറിയെത്തയിത്. നീതി നല്‍കിയില്ലെങ്കിലും അല്‍പം കരുണയെങ്കിലും പൊലീസിന് ആവാമായിരുന്നു. കേരളത്തോടും കേരളത്തിലെ ജനങ്ങളോടും കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. മലപ്പുറത്തും പൊലീസ് നരനായാട്ടാണ് അരങ്ങേറിയത്. സമാധാന പൂര്‍ണമായി പ്രതിഷേധ പ്രകടനം നടത്തിയ മുന്‍ എം.എല്‍.എ വിഷ്ണുനാഥ് അടക്കമുള്ളവരെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ട് പരിക്കേല്‍പ്പിച്ചത്. പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താനുള്ള പൊലീസ് നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, ശാഫി പറമ്പില്‍, പി. ഉബൈദുല്ല, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, എന്നിവരും പി.കെ ഫിറോസ്, ടി.പി അഷ്‌റഫലി, എ.പി ഉണ്ണികൃഷ്ണന്‍, വി.വി പ്രകാശ്, പി.ടി അജയ് മോഹന്‍, മുജീബ് കാടേരി തുടങ്ങിയവരും നേതൃത്വം നല്‍കി.7