X
    Categories: CultureNewsViews

വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിന്

മലപ്പുറം: പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് വൈദ്യുത ചാര്‍ജ്ജ് വര്‍ധനവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയും നികുതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം നടത്തും. 15 ന് പഞ്ചായത്ത്- മുനിസിപ്പല്‍, കോര്‍പറേഷന്‍ തലത്തില്‍ രാവിലെ പത്തുമണി മുതല്‍ കൂട്ടധര്‍ണ നടത്തുമെന്നും 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാരും ധര്‍ണ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന് ശേഷം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് മേലാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ധനവില കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ കുത്തനെ വിലകൂട്ടുകയാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ചികിത്സാ സഹായ പദ്ധതികളെല്ലാം സര്‍ക്കാര്‍ തകിടം മറിച്ചിരിക്കുകയാണ്. ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിയ കാരുണ്യ ബനവലന്റ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. പകരം നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി അനിശ്ചിതത്വത്തിലാണ്. അര്‍ബുദരോഗികളും കിഡ്‌നി,ഹൃദയ രോഗികളും ചികിത്സ മുടങ്ങുന്ന സാഹചര്യമാണുള്ളത്. വളരെ വേഗം കിട്ടിക്കൊണ്ടിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ സഹായവും മുടക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ലോട്ടറി വില്‍പനയില്‍ നിന്ന് കിട്ടുന്ന ലാഭമാണ് കാരുണ്യ ബെനവലന്റ് പദ്ധതിക്കായി വിനിയോഗിച്ചിരുന്നത്. സര്‍ക്കാറിന് ഒരു രൂപപോലും ചെലവില്ലാത്ത പദ്ധതി മുടക്കിക്കൊണ്ട് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കാരുണ്യ പദ്ധതി നിലനിര്‍ത്തിക്കൊണ്ട് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്നാണ് യു.ഡി.എഫ് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തയാറാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പും അവതാളത്തിലാണ്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, ആര്‍.സി.സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്‍പ്പടെയുള്ളവ ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടില്ല. കോര്‍പറേറ്റ് ഭീമനായ റിലയന്‍സിനെയാണ് സര്‍ക്കാര്‍ പദ്ധതിക്കായി കൂട്ടുപിടിച്ചിരിക്കുന്നത്.
പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളുടെയും കഴുത്ത് ഞെരിച്ച് കൊല്ലാക്കൊല ചെയ്യുകയാണ് ഇടതു സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളില്‍ കയ്യിട്ടുവാരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കി ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകള്‍ പോലും മാറ്റി നല്‍കാതെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പദ്ധതി നിര്‍വഹണത്തെ ഗുരുതരമായി ബാധിക്കും. കാര്യക്ഷമമായി നടപ്പിലാക്കാത്ത ലൈഫ് ഭവന പദ്ധതിക്ക് മൊത്തം വിഹിതത്തിന്റെ 20 ശതമാനം നീക്കിവെക്കണമെന്ന നിര്‍ദേശമുണ്ട്. ഇതുകൂടിയാവുന്നതോടെ ഈ സാമ്പത്തിക വര്‍ഷം 50 ശതമാനം പദ്ധതികള്‍ വെട്ടിക്കുറക്കേണ്ടി വരും. ചരിത്രത്തിലിതുവരെയില്ലാത്ത തരത്തിലാണ് തദ്ദേശസ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. സര്‍ക്കാറിനെതിരെ ശക്തമായ തുടര്‍പ്രക്ഷോഭങ്ങളുണ്ടാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: