തിരുവനന്തപുരം: മദ്യ ലോബികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് മദ്യം ഒഴുക്കുന്ന ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മദ്യനയം നിലവില്‍ വരുന്ന ജുലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും ജില്ലകലക്ടറേറ്റുകളിലേക്കും യു.ഡി.എഫ് ബഹുജനമാര്‍ച്ച് നടത്തും.
മദ്യനയത്തിനും കന്നുകാലി കശാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഈ മാസം 15ന് 140 മണ്ഡലങ്ങളിലും രാവിലെ 10ന് ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. മദ്യം ഒഴുക്കാനുള്ള പുതിയ നയം കേരളത്തെ വന്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും മദ്യമുതലാളിമാരുടെ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും തമ്മില്‍ തെരുവില്‍ നടത്തുന്ന ഏറ്റുമുട്ടല്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്തതായി നേതൃയോഗം വിലയിരുത്തി. ഇരു പാര്‍ട്ടികളും പാര്‍ട്ടി ഓഫീസുകള്‍ പരസ്പരം തല്ലിത്തകര്‍ക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പൊലീസ് ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുന്നു. രണ്ട് കൂട്ടരും ആയുധം താഴെവച്ച് സമാധാനം പുന:സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജി.എസ്.സി നടപ്പാക്കുമ്പോള്‍ ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുമോയെന്ന ആശങ്ക പങ്കുവെച്ച യോഗം, ഇതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോട്ടറിക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ട് മാത്രം കാര്യമില്ല. സാന്റിയാഗോ മാര്‍ട്ടിന്‍ പോലെയുള്ള വന്‍കിട ലോട്ടറി മാഫിയകള്‍ സംസ്ഥാനത്ത് കടന്നു വരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഏഴുമാസമായി വേതന കുടിശിക നല്‍കാത്തതില്‍ യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രക്ഷോഭപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 12ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേരും. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും കൊല്ലത്ത് കെ.മുരളീധരന്‍, എ.എ.അസീസ് എന്നിവരും പത്തനംതിട്ടയില്‍ വര്‍ഗീസ് ജോര്‍ജും ജില്ലാ കമ്മിറ്റികളില്‍ പങ്കെടുക്കും. ആലപ്പുഴ- ജി.ദേവരാജന്‍, ഇടുക്കി-അനൂപ് ജേക്കബ്, എറണാകുളം- വി.ഡി.സതീശന്‍, കോട്ടയം- ഉമ്മന്‍ചാണ്ടി, തൃശൂര്‍- പി.പി.തങ്കച്ചന്‍, പാലക്കാട്-കെ.പി.എ.മജീദ്, മലപ്പുറം-പി.കെ.കുഞ്ഞാലിക്കുട്ടി, കോഴിക്കോട്-ഇ.ടി.മുഹമ്മദ്ബഷീര്‍, വയനാട്-ജോണി നെല്ലൂര്‍, കണ്ണൂര്‍-എം.കെ മുനീര്‍, കാസര്‍കോട്-കെ.സി.ജോസഫ് എന്നിവരാണ് മറ്റ് ജില്ലാ കമ്മിറ്റികളില്‍ പങ്കെടുക്കുന്നത്.