ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതബാധിതകര്‍ക്കായി 2000 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് യു.ഡി.എഫ് കൈമാറി. പൂന്തുറയിലെ സന്ദര്‍ശന വേളയില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എയാണ് പ്രധാനമന്ത്രിക്ക് നിവേദനം കൈമാറിയത്. യു.ഡി.എഫ് സംഘത്തിന് സന്ദര്‍ശനാനുമതി ലഭിക്കാഞ്ഞതിനാലാണ് ഇത്.
ഓഖി ദുരന്തത്തെത്തുടര്‍ന്ന് കാണാതായ മല്‍സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും വഞ്ചികളെയും കണ്ടെത്താനുളള ജോലികള്‍ വേഗത്തിലാക്കാന്‍ നേവല്‍ എയര്‍ ക്രാഫ്റ്റുകളുടെയും നേവിയുടെ വലിയ കപ്പലുകളുടെയും സേവനം ഉപയോഗപ്പെടുത്തണം. നാഷണല്‍ സൈക്ളോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രോജക്റ്റ് രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം ആരംഭിക്കണമെന്ന നിര്‍ദേശവും യു.ഡി.എഫ് മുന്നോട്ടുവെച്ചു.