X

യു.ഡി.എഫ് മുന്‍ എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം; നിയമസഭ അടിച്ചുതകര്‍ത്ത മന്ത്രി ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ട

തിരുവനന്തപുരം : നിയമസഭ അടിച്ചു തകര്‍ത്ത മന്ത്രി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യു.ഡി.എഫ് എം.എല്‍മാരായിരുന്ന കെ ശിവദാസന്‍ നായര്‍ക്കും എം.എ വാഹിദിനും എതിരെ കേസെടുക്കാനുള്ള നീക്കം. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ഏതുവിധേനയും കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിയമസഭയിലെ അക്രമം ലോകം മുഴുവന്‍ ലൈവായി കണ്ടതാണ്. ഇക്കാര്യത്തില്‍ ഇവര്‍ തീര്‍ത്തും നിരപരാധികളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവത്തില്‍ യു.ഡി.എഫിലെ രണ്ട് പേര്‍ക്കെതിരെ കേസെടുക്കുന്നത് സര്‍ക്കാര്‍ എത്രമാത്രം ദുഷ്ടലാക്കോടെയാണ് പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്.

നിയമസഭ അക്രമക്കേസിലെ പ്രതികളായ മന്ത്രിയും മുന്‍ മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്കൊക്കെ നിയമപരമായ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് വിചാരണ പരമാവധി നീട്ടിക്കൊണ്ട് പോകുകയെന്ന ലക്ഷ്യത്തോടെ രണ്ടു പേര്‍ക്കെതിരെ കൂടി കേസെടുക്കാന്‍ ശ്രമിക്കുന്നത്.

എല്‍.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിയ അക്രമം ലോകം മുഴുവന്‍ കണ്ടതാണ്. അതിന് മറ്റൊരു തെളിവിന്റെ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് മുന്‍ എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ യു.ഡി.എഫ് ഏതറ്റംവരെയും പോകും. ഇതുകൊണ്ടൊന്നും നിയമസഭ അടിച്ചുതകര്‍ത്ത കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മന്ത്രി ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കളെ രക്ഷിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ട.

webdesk13: