തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കും പിടിപ്പുകേടിനുമെതിരെ ജൂലൈ 17ന് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തുന്‍ പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.
പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ വിഹിതം, കോച്ച് ഫാക്ടറിയും പാതഇരട്ടിപ്പിക്കലുമുള്‍പ്പെടെയുള്ള റെയില്‍വെ വികസനം, റബ്ബര്‍ ഇറക്കുമതി തുടങ്ങി പ്രധാനമന്ത്രി നടപടി എടുക്കേണ്ട നിരവധി വിഷയങ്ങളുള്ളതിനാലാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയത്. കേന്ദ്രം കേരളത്തെ ബോധപൂര്‍വം അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജൂലൈ 17ലെ ധര്‍ണയില്‍ എം.പിമാരും എം.എല്‍.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സഹകരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം പങ്കിടുന്നത് സംബന്ധിച്ച് യു.ഡി.എഫിലെ കക്ഷികള്‍ തമ്മിലെ കരാറുകള്‍ പാലിക്കുവാനും യോഗം തീരുമാനിച്ചു. ചിലയിടങ്ങളില്‍ തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലാണ് തീരുമാനം. നെല്‍വയല്‍ തീര്‍ത്തട ഭേദഗതിക്കെതിരെയും യു.ഡി.എഫ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഭൂമാഫിയേയും റിയല്‍ എസ്റ്റേറ്റ് മാഫിയേയും സഹായിക്കുന്നതാണ് ഭേദഗതിയെന്ന് യോഗം കുറ്റപ്പെടുത്തി. നെല്‍വയലുകള്‍ പരമാവധി സംരക്ഷിക്കണമെന്നാണ് യു.ഡി.എഫ് നയം. നിലവിലെ നിയമത്തിന്റെ അന്തസത്ത മുഴുവന്‍ കളയുന്നതാണ് ഭേദഗതിയെന്നും പി.പി തങ്കച്ചന്‍ കുറ്റപ്പെടുത്തി. സത്ഭരണം സെല്‍ ഭരണമായി മാറി. സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടത് സര്‍വീസ് സംഘടനകളാണ് തീരുമാനിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നു. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെയാണ് കിഫ്ബി പദ്ധതികള്‍. പണം കണ്ടെത്താതെ വെറുതെ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. പദ്ധതി വിഹിതം യഥാസമയം നല്‍കാന്‍പോലും സര്‍ക്കാരിനാകുന്നില്ല. അതെ സമയം തന്നെ ആഢംബര കാറുകള്‍ വാങ്ങി പണം ധൂര്‍ത്തടിക്കുകയാണെന്ന് തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ് എം മടങ്ങി വന്ന സാഹചര്യത്തില്‍, മുന്നണിയില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും യോഗം ചുമതലപ്പെടുത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഓഗസ്റ്റ് ഏഴിന് സമ്പൂര്‍ണ യു.ഡി.എഫ് യോഗം ചേരുവാനും തീരുമാനിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കിയ പി.പി തങ്കച്ചന്‍, താന്‍ നേരിടുന്ന സുരക്ഷ ഭീഷണിയുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന് അറിയാമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷക്കായി പൊലീസിനെ കൂടെ നിയോഗിച്ചിരിക്കുന്നതെന്നും വിശദീകരിച്ചു.