കണ്ണൂര്‍: കേരളത്തിന്റെ ഭരണ വര്‍ഗ ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ ഏറ്റവും അവസാനത്തെ ഇരയായ ആന്തൂരിലെ സാജന്റെ വീട് യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു. യുഡിഎഫ് തീരുമാനപ്രകാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിടി തോമസ്, കെ.എം. ഷാജി, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റില്‍, അനൂപ് ജേക്കബ് എന്നിവര്‍ക്കൊപ്പമാണ് ആ വീടും ഓഡിറ്റോറിയവും സന്ദര്‍ശിച്ചത്.
നാട്ടില്‍ എന്തെങ്കിലും തുടങ്ങണമെന്ന് വലിയ മോഹമായിരുന്നു സാജനെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞു. അതുകൊണ്ടാണ് ഇത്രയും വലിയ തുക മുടക്കിയത്. അന്യരാജ്യങ്ങളിലെ നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് പ്രവാസികള്‍ വളരുന്നത്. അതുകൊണ്ട് നാട്ടിലെ ‘പിന്നാമ്പുറ’ങ്ങള്‍ അറിയുന്നുണ്ടാവില്ല. ഇവിടുത്തെ പകയും പ്രതികാരവും ധാര്‍ഷ്ട്യവും, അവര്‍ക്കുശീലമുണ്ടാവില്ല.
അന്യനാട്ടുകാരായിരുന്നിട്ടുകൂടി മറ്റൊരു രാജ്യത്തും അവര്‍ ഇതൊന്നും കണ്ടുകാണില്ല. വലിയ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ കൂടെ നില്‍ക്കുന്നവരാണ് മറ്റുരാജ്യത്തെ ഭരണാധികാരികള്‍. ഇവിടെ ഇല്ലാത്ത കാരണങ്ങളുണ്ടാക്കി ഒരു മനുഷ്യന്റെ സ്വപ്‌നവും ഒരു കുടുംബത്തിന്റെ ഭാവിയുമാണ് നശിപ്പിച്ചത്. മുടക്കിയ പണത്തിന്റെ വലുപ്പത്തേക്ക്ാള്‍ അപമാനിക്കപ്പെട്ടതിലുള്ള വേദനയാണ് ആ പ്രവാസി സംരംഭകനെ സ്വയം ഇല്ലാതാവാന്‍ പ്രേരിപ്പിച്ചതെന്നാണ് മനസ്സിലാവുന്നത്. ഇതും ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കരുത്. കഴിഞ്ഞവര്‍ഷം കൊല്ലത്തും ഏതാണ്ട് സമാനമായ സംഭവമുണ്ടായി. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. നാട്ടില്‍ വല്ലതും തുടങ്ങി ഇവിടെ ജീവിക്കാമെന്ന് കൊതിക്കുന്ന പ്രവാസികളെ ഇങ്ങനെ ആട്ടിയോടിക്കരുത്. അവരുടെ വിശ്വാസം ഇത്തരത്തില്‍ നഷ്ടപ്പെടുത്തരുത്. കൊലയ്ക്കു കൊടുക്കരുത്.
ഈ സംഭവത്തിനുശേഷം ഒട്ടേറെ പ്രവാസി സുഹൃത്തുക്കള്‍ സമാനമായ അനുഭവങ്ങള്‍ പങ്കിടുകയുണ്ടായി. സംരംഭകരെ തിരിച്ചയയ്ക്കുന്ന നികൃഷ്ടമായ സമീപനം വലിയ നഷ്ടമാണ് നാടിന് വരുത്തുക. സാജന്‍ ഒരു പാഠമാവണം. അകാരണമായി പദ്ധതികള്‍ വൈകിപ്പിക്കുകയും മുടക്കുകയും ചെയ്യുന്നവര്‍ക്കുള്ള പാഠം. അതിനുതക്ക ശിക്ഷ, ഈ കേസുമായി ബന്ധമുള്ളവര്‍ക്കെല്ലാം ഉറപ്പാക്കണം. കൊലയ്ക്കു കൊടുത്തവര്‍ക്ക് കുരുക്കൊരുക്കണം.സംരംഭകരുടെ വിശ്വാസത്തിനൊപ്പം നാഥനില്ലാതായ ആ കുടുംബത്തിനും നീതി ലഭിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.