തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു. പൊലീസിനെ നിയോഗിച്ചും ബസ് സര്‍വീസ് നടത്തിയും ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തിയാണ് ജനം ഹര്‍ത്താലിനോട് സഹകരിച്ചത്.
റോഡും കടകമ്പോളങ്ങളും അടഞ്ഞു കിടന്നു. നിരത്തിലിറക്കാതെ സ്വകാര്യവാഹനങ്ങളും ടാക്‌സികളും ഓട്ടോറിക്ഷകളും ഹര്‍ത്താലിനോട് സഹകരിച്ചു. സ്വകാര്യബസുകളും സര്‍വീസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ചിലയിടങ്ങളില്‍ സര്‍വീസ് നടത്തിയെങ്കിലും യു.ഡി.എഫ് അനുകൂല ജീവനക്കാര്‍ ഹര്‍ത്താലിനോട് സഹകരിച്ചതിനാല്‍ സര്‍വീസുകള്‍ മുടങ്ങി. ആസ്പത്രി, വിവാഹം തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്കായി സ്വകാര്യവാഹനങ്ങളും ഓടി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഇടതു സര്‍വീസ് സംഘടനകളിലെ ജീവനക്കാര്‍ പോലും ജോലിക്കെത്തിയില്ല.
ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നെങ്കിലും ചില കേന്ദ്രങ്ങളില്‍ പൊലീസ് ബോധപൂര്‍വം പ്രകോപനമുണ്ടാക്കി. സമാധാനപരമായി പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഹര്‍ത്താലിന്റെ മറവില്‍ ചില കേന്ദ്രങ്ങളില്‍ ഇടതു പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചും കല്ലേറ് നടത്തിയും ഹര്‍ത്താല്‍ പൊളിക്കാനായിരുന്നു ശ്രമം.
ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. മുന്‍കൂട്ടി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ ബസ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാര്‍ കുറവായിരുന്നു. അതുകൊണ്ടു തന്നെ ആര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ലെന്നതാണ് വാസ്തവം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ നേരത്തെ ബുക്ക് ചെയ്തത് അനുസരിച്ച് വന്നിറങ്ങിയ ട്രെയിന്‍ യാത്രികരെ സുരക്ഷിതരായി പൊലീസ് യഥാസ്ഥാനങ്ങളില്‍ എത്തിച്ചു.
ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞത് അന്വേഷിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ മധ്യകേരളത്തിലും ഹര്‍ത്താല്‍ സമാധാനപരമാണ്. എറണാകുളം ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ യാത്രക്കാരുള്ള കേന്ദ്രങ്ങളിലേക്ക് പൊലീസ് ബസുകളുപയോഗിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക സര്‍വീസുകളും ഒരുക്കി. സ്വകാര്യബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങി. നഗരകേന്ദ്രങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.
ഹര്‍ത്താലനുകൂല പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ വാഹനം തടയാനും കടകളടപ്പിക്കാനും ശ്രമിച്ചത് തര്‍ക്കത്തിനും സംഘര്‍ഷത്തിനും വഴിവെച്ചു. കോട്ടയത്തും തൊടുപുഴയിലും കട്ടപ്പനയിലടക്കമുള്ള സ്ഥലങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവരെ സഹായിക്കാനായി പൊലീസും സന്നദ്ധ സംഘടനകളും ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.