പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനാണ് ഇക്കാര്യം അറിയിച്ചത്. യുവാവിനെ മര്‍ദ്ദിച്ച് കൊന്നതാണെന്നറിഞ്ഞിട്ടും അസ്വാഭാവിക മരണത്തിന് കേസെടുത്തതില്‍ ദുരുഹതയുണ്ട്. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കാലിയിലെ കടയുടമ ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പതിനഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത്.
എന്നാല്‍ അട്ടപ്പാടിയില്‍ ആദിവാസികള്‍ ഇപ്പോള്‍ റോഡ് ഉപരോധിക്കുകയാണ്. പിടിയിലായ പ്രതികളെ മധുവിന്റെ ബന്ധുക്കളെ കാണിക്കാത്തതിനെ തുടര്‍ന്നാണ് ഉപരോധം. ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ചത്. കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ചെയ്തു. ഏറെ നേരത്തെ മര്‍ദ്ദനത്തിന് ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്.