ചെങ്ങന്നൂര്‍: 2016ല്‍ നഷ്ടമായ ചെങ്ങന്നൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇക്കുറി പഴുതുകളടച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ച മുന്‍തൂക്കം അവസാന ഘട്ടം വരെ നിലനിര്‍ത്താനായത് ആസൂത്രണവും കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോഴാണ്. കഴിഞ്ഞ തവണ വോട്ട് കുറഞ്ഞു പോയ മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയായിരുന്നു തെരഞ്ഞെടുപ്പ് കാമ്പയിന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ മണ്ഡലത്തിലെ ഓരോ വോട്ടര്‍ക്കും ഏറെ സുപരിചിതനാണ്. ദീര്‍ഘകാലമായി ഇവിടെ നിറഞ്ഞു നിന്നു നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വം. നാട്ടുകാരനായ ഈ സ്ഥാനാര്‍ഥിയുടെ വ്യക്തി ബന്ധങ്ങളും പൊതുപ്രവര്‍ത്തന പാരമ്പര്യവും ഇക്കുറി യുഡിഎഫിന് അനുകൂല ഘടകമാണ്. അതേ സമയം പരാജയ ഭീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കുപ്രചാരണങ്ങളുമായി രംഗത്തു വന്ന സിപിഎമ്മിനെ തുറന്നു കാട്ടാന്‍ യുഡിഎഫിന്റെ ചടുലമായ നീക്കങ്ങള്‍ക്കായി. അയ്യപ്പ സേവാ സംഘത്തെ പോലും വര്‍ഗീയ വല്‍കരിക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ് തുറന്ന് പറയാന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. വികസനത്തിലേക്ക്പ്രചാരണം കേന്ദ്രീകരിക്കനുള്ള എല്‍ഡിഎഫ് നീക്കം പാളുകയാണ് ചെയ്തത്. ഭരണത്തകര്‍ച്ച യുഡിഎഫ് മുഖ്യ ആയുധമാക്കിയതോടെ എല്‍ഡിഎഫിന് പ്രതിരോധിക്കാനായില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും വികസന മുരടിപ്പും തുറന്നുകാട്ടിയ യുഡിഎഫ് പ്രചാരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കഴിഞ്ഞ തവണ നില മെച്ചപ്പെടുത്തിയ ബിജെപി ക്യാമ്പ് ഇത്തവണ നിരാശയിലാണ്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും ബിജെപിയെ പിന്നോടിപ്പിക്കുന്നു.അടിക്കടി ഇന്ധന വില വര്‍ധന നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ഇക്കുറി പ്രതിഫലിക്കും. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ബിഡിജെഎസ് ഇടഞ്ഞതും തിരിടച്ചടിയായി. ബിജെപിയുടെ പ്രമുഖ ദേശീയ നേതാക്കള്‍ ചെങ്ങന്നൂരിലെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ തവണത്തെക്കാള്‍ ശക്തമായ പ്രചരണ മുന്നേറ്റമുണ്ടാക്കുവാന്‍ യുഡിഎഫിനായി എന്നാണ് പൊതു വിലയിരുത്തല്‍. യുഡിഎഫിലെ ഐക്യവും കേരളാ കോണ്‍ഗ്രസിന്റെ തിരിച്ചുവരവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ വികാരവും ജനവിധിയെ കാര്യമായി സ്വാധീനിക്കുന്നതാകും.