X
    Categories: keralaNews

കര്‍ഷകരുടെ അടിയന്തരാവശ്യങ്ങള്‍ : മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ യു.ഡി.എഫ് കര്‍ഷക സമരങ്ങള്‍

തിരുവനന്തപുരം: മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ സംഘടിപ്പിക്കുന്ന കര്‍ഷക സമരത്തില്‍ മുന്നോട്ടുവെക്കുന്ന വിഷയങ്ങള്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. നാളികേര സംഭരണത്തിന് ഒരു കിലോ വച്ച് തേങ്ങയുടെ തറവില 42 രൂപയായി വര്‍ധിപ്പിക്കുക. ബജറ്റില്‍ 32 രൂപ ആയിരുന്നത് 34 രൂപയായി വര്‍ധിപ്പിച്ചെങ്കിലും ഉല്‍പാദന ചിലവ് പരിഗണിച്ച് 42 രൂപയാക്കണം. പച്ചത്തേങ്ങാ സംഭരണം ഇപ്പോള്‍ കാര്യക്ഷമമല്ല. ഈ അവസ്ഥ പരിഹരിക്കാന്‍ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഉല്‍പാദനക്ഷമതയുള്ള തൈകള്‍ നടാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതി കൃഷിഭവനുകളിലൂടെ നടപ്പാക്കുക. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും, അതിന്റെ പ്രവര്‍ത്തനം കേരളത്തിലെ നാളികേരകര്‍ഷകര്‍ക്ക് പ്രയോജനകരമാക്കുകയും ചെയ്യണം.
നെല്ലിന്റെ സംഭരണവില 35 രൂപയായി വര്‍ദ്ധിപ്പിക്കുക. കൊയ്ത്തു കഴിഞ്ഞാലുടന്‍ തന്നെ സിവില്‍ സപ്ലൈസ് വഴി നെല്ലു സംഭരിക്കുകയും, ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകന്റെ അക്കൗണ്ടില്‍ വില നിക്ഷേപിക്കുകയും ചെയ്യുക.
ഹാന്‍ഡിലിങ്ങ് ചാര്‍ജ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക. കാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കുക. പുറം ബണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. കുട്ടനാട് വികസന അതോറിട്ടി രൂപീകരിക്കുക. പാലക്കാട് ജില്ലയിലെ നെല്ല് ഉല്‍പ്പാദകര്‍ക്കായി ഉല്‍പ്പാദനം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
ഉത്തേജക പാക്കേജില്‍ പ്രഖ്യാപിച്ച റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിക്കണം. വില വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ സംസ്ഥാന ബജറ്റില്‍ വിലസ്ഥിരതാ ഫണ്ടില്‍ നീക്കി വച്ച 600 കോടിയില്‍ നിന്ന് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല. റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവര്‍മെന്റിന്റെ നീക്കം ഉപേക്ഷിക്കുക. റബ്ബറിനെ കാര്‍ഷിക വിളയായി അംഗീകരിച്ച്, പരുത്തി, ചണം എന്നീ കൃഷികള്‍ക്കു നല്‍കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ക്ക് 25% ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണം. ഏലത്തിന്റെ തറവില 1200 രൂപയായി പ്രഖ്യാപിക്കണം.
സ്‌പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഏലത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും, ഇറക്കുമതി ചുങ്കം 70 ശതമാനത്തില്‍ നിന്നും കുറയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. കുരുമുളകിന്റെ ഇപ്പോഴുള്ള വില ഒരു കിലോക്ക് 138 രൂപയാണ്. ഇത് ഒരു കിലോയ്ക്ക് 250 രൂപ തറവിലയായി പ്രഖ്യാപിക്കണം.
കുരുമുളക് പുനഃരുദ്ധാരണ പദ്ധതി വിപുലീകരിച്ച് കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കണം. ഇഞ്ചി, കുരുമുളക് ഇവ സംഭരിക്കാന്‍ നാഫെഡ്, ട്രൈഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി മാര്‍ക്കറ്റില്‍ ഇടപെടല്‍ നടത്തുക. കാപ്പിയ്ക്ക് ഒരു കിലോയ്ക്ക് തറവില 250 രൂപയായി വര്‍ദ്ധിപ്പിക്കണം. ചെറുകിട കാപ്പി കര്‍ഷകരോടുള്ള കോഫി ബോര്‍ഡിന്റെ അവഗണന അവസാനിപ്പിക്കുക.
തേയിലക്കൊളുന്തിന് ന്യായവില ഉറപ്പാക്കണം. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ പുതുക്കി പണിയാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം. അടയ്ക്കയെ വില തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുക. ഇപ്പോഴുണ്ടായ വില തകര്‍ച്ചയില്‍ അടയ്ക്കക്ക് കിലോയ്ക്ക് 350 രൂപയായി കുറഞ്ഞു. അടയ്ക്കയുടെ തറവില 500 രൂപയായി പ്രഖ്യാപിക്കണം. കവുങ്ങിനുണ്ടായ മഞ്ഞളിപ്പ് രോഗത്തിന് മരുന്ന് സൗജന്യമായി നല്‍കുക.
വന്യജീവി സങ്കേതങ്ങളുടെയും, ദേശീയ ഉദ്യാനങ്ങളുടെയും ബഫര്‍സോണില്‍ നിന്നും, കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കുകയും ബഫര്‍സോണ്‍ വനത്തിനുള്ളില്‍ ആക്കുകയും വേണം. വന്യജീവി ആക്രമണത്തില്‍ നിന്നും കൃഷിയെയും, കര്‍ഷകരെയും സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക.
1972 ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര ഗവര്‍മെന്റിനോട് ആവശ്യപ്പെടുന്നു. വന്യമൃഗങ്ങളുടെ ശല്യം മൂലം വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക. കര്‍ഷകരുടെ മേല്‍ പുറപ്പെടുവിച്ച ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുകയും, സര്‍ഫാസി നിയമം ഭേദഗതി ചെയ്ത് ബാങ്ക് വായ്പയെടുത്ത കര്‍ഷകരെ സഹായിക്കുകയും വേണം. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരതുകയിലെ ഭീമമായ കുടിശ്ശിക എത്രയും വേഗം കര്‍ഷകര്‍ക്ക് നല്‍കുക. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് കുടിശ്ശിക ഉടന്‍ നല്‍കുക.

 

Chandrika Web: