തിരുവനന്തപുരം: തോട്ടണ്ടി ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാന്‍ യു.ഡി.എഫില്‍ ആലോചന. തോട്ടണ്ടി ഇടപാടിലെ ക്രമക്കേട്: യു.ഡി.എഫ് വിജിലന്‍സിനെ സമീപിച്ചേക്കും
ഇടപാടില്‍ അഴിമതിയില്ലെന്നും അതിനാല്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ യുക്തമായ രീതിയില്‍ ഖണ്ഡിക്കാന്‍ വകുപ്പുമന്ത്രിക്കോ മുഖ്യമന്ത്രിക്കോ സാധിച്ചില്ലെന്ന വിലയിരുത്തലിലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം ആലോചിക്കുന്നത്.
കശുവണ്ടി വികസനകോര്‍പറേഷനും കാപെക്‌സും തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടിരൂപയുടെ ക്രമക്കേടുണ്ടെന്നാണ് വി.ഡി സതീശന്‍ നിയമസഭയില്‍ രേഖകളുടെ പിന്‍ബലത്തില്‍ ആരോപണമുന്നയിച്ചത്. കശുവണ്ടി കോര്‍പറേഷന്‍ നാലു ടെണ്ടറുകളിലൂടെ ഗിനിബിസാവോ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടിരൂപയുടെയും കാപെക്‌സ് രണ്ടു ടെണ്ടറുകളിലൂടെ തോട്ടണ്ടി വാങ്ങിയതില്‍ 3.47 കോടിരൂപയുടെയും അഴിമതി നടന്നെന്നാണ് ആരോപണം. തോട്ടണ്ടി വാങ്ങുന്നതിനുള്ള ടെണ്ടര്‍ വ്യവസ്ഥകളില്‍ ഇളവു നല്‍കിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
കൂടിയവില കാണിച്ച് ടെണ്ടര്‍ നല്‍കിയ കമ്പനിയില്‍ നിന്ന് തോട്ടണ്ടി വാങ്ങേണ്ട എന്ന് തീരുമാനിച്ച് പത്തുദിവസത്തിനുശേഷം കൂടിയവിലക്ക് അതേ കമ്പനിയില്‍ നിന്നുതന്നെ തോട്ടണ്ടി വാങ്ങിയെന്നതാണ് ആരോപണത്തിന്റെ കാതല്‍. അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ഉന്നയിച്ച ആരോപണങ്ങള്‍ ഖണ്ഡിക്കപ്പെട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെയും കശുവണ്ടി വികസനകോര്‍പറേഷനെയും കാപെക്‌സിനെയും ന്യായീകരിക്കാന്‍ സഭയില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തയാറായതുമില്ല.
പകരം മന്ത്രിയും സതീശനും തമ്മിലുള്ളത് രൂപ-ഡോളര്‍ തര്‍ക്കമാണെന്നും ഇത് മനസിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ സാഹചര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനും സര്‍ക്കാറിനെതിരെ പ്രക്ഷോഭം തുടങ്ങാനും പ്രതിപക്ഷത്തിനാകും.
കഴിഞ്ഞ വ്യാഴാഴ്ച ധനവിനിയോഗ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചക്കിടെയാണ് വി.ഡി സതീശന്‍ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ വെള്ളിയാഴ്ച സ്പീക്കറുടെ അനുമതിയോട് സഭയുടെ സതീശന്‍ മേശപ്പുറത്ത് വെച്ചു. ടെണ്ടര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും ടെണ്ടര്‍ പകര്‍പ്പുകളും പത്രവാര്‍ത്തകളുടെ കട്ടിങ്ങുകളും ഉള്‍പ്പെടെയുള്ള രേഖകളാണ് സതീശന്‍ സമര്‍പ്പിച്ചത്.