X

യു.ഡി.എഫ് രാപ്പകല്‍ സമരം നാളെ

പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തി, സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്ന പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ കേരളം നാളെ തെരുവിലിറങ്ങും. എല്ലാ മേഖലകളുടെയും എതിര്‍പ്പുമായി ഒരു സര്‍ക്കാരിന് എത്രത്തോളം മുന്നോട്ടുപോകാനാകും എന്ന ചോദ്യമുയര്‍ത്തി വിവിധ ബഹുജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നാളെ വൈകിട്ട് നാലു മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെ യു.ഡി.എഫ് രാപ്പകല്‍ സമരം നടത്തും.നിയമസഭയില്‍ പ്രഖ്യാപിച്ച തുടര്‍സമരത്തിന്റെ ആദ്യഘട്ടമാണിത്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് സമരം. പ്രാണവായുവിനു മാത്രമാണു സംസ്ഥാന സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്താത്തത്. വെള്ളത്തിനും വൈദ്യുതിക്കും വന്‍ നിരക്കുവര്‍ധനയാണ് വരുത്തിവെച്ചത്. ബജറ്റില്‍ 4000 കോടി പിരിച്ചെടുത്ത് 2,000 കോടി രൂപ വിലക്കയറ്റം പിടിച്ചുനിറുത്താന്‍ മാറ്റിവെക്കുന്നു എന്ന വിചിത്രമായ വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇത് ജനത്തിനുമുന്നില്‍ തുറന്നുകാട്ടാന്‍ എല്ലാ ജില്ലകളിലും യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ സമരമുഖത്ത് നേതൃത്വം. ഇന്ധനത്തിന് കേന്ദ്രം വില കൂട്ടുമ്പോള്‍, സമരം നടത്തിയ സര്‍ക്കാരാണ് കേരളത്തില്‍ മറ്റൊരു സര്‍ക്കാരും ചെയ്യാത്ത കടുംകൊള്ള നടത്തുന്നത്. 2 രൂപ നികുതി ചുമത്തുന്നതോടെ ജനങ്ങള്‍ കൊള്ളയടിക്കപ്പെടുമെന്ന് യു.ഡി.എഫ് പറയുന്നു. ഒരു യൂണിറ്റിന് 4.40 രൂപ മാത്രമായിരുന്നു വെള്ളക്കരം. ഇനി അതിന് 14.40 രൂപ നല്‍കണം. ജനദ്രോഹ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ സമരപരമ്പരകളാകും സര്‍ക്കാരിനെ കാത്തിരിക്കുകയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ചന്ദ്രികയോട് പറഞ്ഞു.

നികുതിവര്‍ദ്ധനക്കെതിരെ തുടങ്ങിയ സമരം ജനകീയ പ്രക്ഷോഭമാക്കി മാറ്റുന്നതോടെ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ബഹിഷ്‌ക്കരണത്തില്‍ ആലോചിച്ചു തീരുമാനിക്കേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആവര്‍ത്തിച്ചു. ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രമുണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാന്‍ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കും. റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നാവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രി. മാധ്യമ വാര്‍ത്തകള്‍ കണ്ട് സമരത്തിനിറങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. നികുതി വര്‍ധനയില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇന്ധന സെസ് ഏര്‍പ്പെടുത്തിയതോടെ ഇപ്പോള്‍ത്തന്നെ വിവിധ മേഖലകളില്‍ നിന്ന് നിരക്ക് വര്‍ധന വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപറേറ്റര്‍സ് ഫെഡറേഷന്‍ രംഗത്തെത്തി. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സമരമെന്നും സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ക്ക് വലിയ തോതില്‍ വിലവര്‍ധിക്കുമെന്ന് വ്യാപാരി വ്യവസായികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും പുനരാലോചനയില്ലെന്ന നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും.
യു.ഡി.എഫ് രാപ്പകല്‍ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടിയും തൃശൂരില്‍ രമേശ് ചെന്നിത്തലയും ഇടുക്കി തൊടുപുഴയില്‍ പി.ജെ.ജോസഫും കൊല്ലത്ത് എ.എ. അസീസും പത്തനംതിട്ടയില്‍ അനുപ് ജേക്കബും ആലപ്പുഴയില്‍ മോന്‍സ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് സി.പി ജോണും പാലക്കാട് വി.കെ.ശ്രീകണ്ഠനും കാസര്‍കോട് കാഞ്ഞങ്ങാട് രാജ്മോഹന്‍ ഉണ്ണിത്താനും ഉദ്ഘാടനം ചെയ്യും.കൊടിക്കുന്നില്‍ സുരേഷ് എംപി, ഡോ.എംകെ മുനീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, പി.എം.എ സലാം, രാജന്‍ ബാബു, ജോണ്‍ ജോണ്‍, മാണി സി കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

webdesk11: