ഫൈസല്‍ മാടായി
കണ്ണൂര്‍: കത്തിയാളുന്ന വെയില്‍, സംസ്ഥാനത്തെ ജില്ല തിരിച്ച കണക്കില്‍ 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട്. എന്നാല്‍ ചൂടിലും തളരാത്ത പോര്‍വീര്യത്തിലാണ് തെരഞ്ഞെടുപ്പ് ഗോദ. അങ്കത്തട്ടും ചൂട് പിടിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി പ്രചാരണത്തിലും സജീവമാകുമ്പോള്‍ വീറും വാശിയും നിറഞ്ഞ ദിവസങ്ങളിലേക്കാണ് തെരഞ്ഞെടുപ്പിന്റെ ആരവം.
31 ദിവസമാണ് വോട്ടെടുപ്പിലേക്കുള്ള ദൂരം. ഗോദയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുമെത്തിയതോടെ കണക്ക് കൂട്ടി തുടങ്ങുകയാണ് കേരളം. ചര്‍ച്ചകളില്‍ ആര് വാഴും ആര് വീഴും എന്ന് തന്നെയാണ്. ഓരോ മണ്ഡലത്തിലെയും ജയം വിലയിരുത്തുമ്പോള്‍ യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. യുഡിഎഫ് കളത്തിലിറക്കിയ സ്ഥാനാര്‍ത്ഥികളെല്ലാം പൊതുസമ്മതരാണ്. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിട്ടും പരുങ്ങലിലാണ് ഇടത് ക്യാമ്പുകള്‍. സിപിഎം കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത്.
കേരളം ഉറ്റുനോക്കുന്ന മത്സരം വടകരയിലാണ്. കൊലപാതക കേസുകളില്‍ പ്രതിയായി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പി ജയരാജന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ കക്ഷി നേതാക്കള്‍ പോലും അറച്ച് നില്‍ക്കുന്നതാണ് കാഴ്ച. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലഭിച്ച സ്വീകരണം സിപിഎമ്മില്‍ അസ്വസ്ഥതയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇടതുപക്ഷ ചിന്താഗതിയുള്ളവരുടെ പിന്തുണ പോലും യുഡിഎഫിനൊപ്പമാണ്. കൊലപാതക രാഷ്ട്രീയം മുഖ്യ വിഷയമാകുമ്പോള്‍ നന്മയുടെ പക്ഷത്താണ് ജനമനസ്.
മീനച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി കഴിഞ്ഞു. ഭൂരിഭാഗം മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ ഭരണ നേട്ടമായി ഉയര്‍ത്തി കാട്ടാനില്ലാത്ത അവസ്ഥയിലാണ് ബിജെപിയും ഇടത് മുന്നണിയും. അഴിമതിയും രാജ്യത്തിന്റെ പൊതുവായ അരക്ഷിതാവസ്ഥയുമാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ഇടത് മുന്നണിയെ പരുങ്ങലിലാക്കുന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ഭരണ രംഗത്തെ പരാജയവുമാണ്. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് യുഡിഎഫ് പ്രചാരണം.
നോട്ടുനിരോധനവും കേരളത്തിന് പ്രളയസഹായം നിഷേധിച്ചതും ബീഫ്വിവാദവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ഇന്ധന വിലവര്‍ധനവും ഉള്‍പ്പെടെയാണ് ബിജെപിക്കെതിരെയുള്ള പ്രചരണ വിഷയം. വടകര കഴിഞ്ഞാല്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് പൊതുവായ വിലയിരുത്തല്‍. അയല്‍ മണ്ഡലമായ ആറ്റിങ്ങലില്‍ ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. കൊല്ലവും നിലനിര്‍ത്താനാകുമെന്നാണ് യുഡിഎഫ് ആത്മ വിശ്വാസം.
മാവേലിക്കരയിലും പ്രചരണ രംഗത്ത് യുഡിഎഫ് മുന്നിലാണ്. പത്തനംതിട്ടയിലും കടുത്ത പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. കോട്ടയത്തും ഇടുക്കിയിലും യുഡിഎഫ് പോരാട്ടം ശക്തമാകും. ഹൈബി ഈഡന്‍ വന്നതോടെ എറണാകുളത്ത് മത്സരം പൊടിപാറും. ചാലക്കുടിയിലും യുഡിഎഫ് പ്രതീക്ഷ കൈവിടുന്നില്ല. യുവനിരയെ കളത്തിലിറക്കിയാണ് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് പോരാട്ടം. തൃശൂരില്‍ ടിഎന്‍ പ്രതാപന്റെ വരവ് അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട് നിലനിര്‍ത്തുന്നതിനൊപ്പം കണ്ണൂര്‍ തിരിച്ച് പിടിക്കാനാകുമെന്നും ഇത്തവണ കാസര്‍കോട് വികസനത്തിന്റെയും നന്മയുടെയും പക്ഷത്ത് നില്‍ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.