കെ.ബി.എ കരീം
കഴിഞ്ഞ ഒരു മാസത്തോളം രാവിലെ മുതല്‍ വൈകിട്ട് വരെ വിശ്രമമില്ലാതെ പ്രചരണ രംഗത്ത് ചെലവിട്ടതിന്റെ യാതൊരു ക്ഷീണവും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാതോമസില്‍ കാണാനുണ്ടായിരുന്നില്ല. വലിയ ആവേശമാണ് തനിക്ക് ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് പറയുന്ന ഉമാ തോമസ് തികഞ്ഞ ആത്മവിശ്വാസത്തിലും ചരിത്രവിജയ പ്രതീക്ഷയിലുമാണ്. പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ വൈറ്റിലയില്‍ വെച്ച് ‘ചന്ദ്രിക’ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
? പരസ്യപ്രചാരണം അവസാനിക്കുകയാണ്. എങ്ങനെയാണ് അവസാന നിമിഷത്തെ വിലയിരുത്തല്‍
തൃക്കാക്കര മണ്ഡലത്തില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കും എന്നതില്‍ സംശയമില്ല. ഭൂരിപക്ഷം എത്ര വര്‍ധിക്കും എന്നതാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. ജയവും തോല്‍വിയും എന്തായാലും മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്‌നേഹം പിടിച്ചുപറ്റാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയകാര്യം. ഏതു കാര്യത്തിനും അവരോടൊപ്പം ഉണ്ടാവുമെന്ന തോന്നല്‍ ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. പി.ടിയോടുള്ള സ്‌നേഹവും വികാരവും നേരത്തെ അറിയാമായിരുന്നെങ്കിലും അത് പതിന്മടങ്ങായി പ്രചാരണത്തിലുടനീളം അനുഭവപ്പെടുകയായിരുന്നു. ഈ സ്‌നേഹം പൂര്‍ണമായും വോട്ടായി മാറും എന്നതില്‍ സംശയമില്ല. എന്നാല്‍ സഹതാപ വോട്ടിനുവേണ്ടി അല്ല താന്‍ നിലകൊള്ളുന്നത്. വ്യക്തമായ രാഷ്ട്രീയവുമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മനുഷ്യത്വമില്ലാത്ത വികസനത്തിനെതിരെയും സര്‍ക്കാരിന്റെ സ്ത്രീവുരുദ്ധ നിലപാടുകള്‍ക്കെതിരെയും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടി ഈ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരക്കാര്‍ പ്രതികരിക്കും
? സര്‍ക്കാര്‍ സംവിധാനങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ തമ്പടിച്ച് ആഴ്ചകളായി പ്രവര്‍ത്തനം നടത്തുകയാണ്. ഇതില്‍ ആശങ്കയോ പേടിയോ തോന്നുന്നുണ്ടോ
ഒരു പേടിയും തോന്നുന്നില്ല. തലസ്ഥാനം തൃക്കാക്കരയിലേക്ക് പറിച്ചുനട്ടാല്‍ പോലും ഈ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ വിജയിക്കാന്‍ പോകുന്നില്ല. രാഷ്ട്രീയമായ കാരണങ്ങള്‍ അതിന് ഏറെയുണ്ട്. എന്നാല്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചത്. യു.ഡി.എഫിന്റെ ഐക്യവും ഒറ്റക്കെട്ടായ പ്രവര്‍ത്തനവും ഏറ്റവും വലിയ വിജയം നേടിത്തരും എന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഉപയോഗിച്ചിട്ടും ഗുണം ചെയ്യുന്നില്ലെന്ന് കണ്ടാണ് അവസാന നിമിഷം വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു ഉപതിരഞ്ഞെടുപ്പിന്‌വേണ്ടി മണ്ഡലത്തില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റം ആണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചിരിക്കുന്നത്. മുഴുവന്‍ യു.ഡി.എഫ് നേതാക്കളും ഇതേ അഭിപ്രായക്കാരാണ്. സര്‍ക്കാരിന് ഒട്ടും നിര്‍ണായകമല്ലാത്ത തിരഞ്ഞെടുപ്പില്‍ ഈവിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ജനങ്ങളെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത മുഖ്യമന്ത്രിയെയാണ് ഈ ദിവസങ്ങളില്‍ ജനം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ തൃക്കാക്കരയില്‍ ഇതൊന്നും ഫലവത്താകില്ല.
? തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ വോട്ടര്‍മാരുടെ പ്രതികരണം എങ്ങനെയായിരുന്നു
കൂട്ടത്തോടെ സ്ത്രീകള്‍ രംഗത്തിറങ്ങുന്ന കാഴ്ച ഏറ്റവും ശക്തി പകരുന്ന ഒന്നായിരുന്നു. ഒരു തിരഞ്ഞെടുപ്പിലും ഇറങ്ങാത്ത നിരവധി സ്ത്രീകള്‍, പ്രായമായവരടക്കം ഇത്തവണ തനിക്കുവേണ്ടി പ്രചരണത്തിനിറങ്ങി. മണിക്കൂറുകളോളം സ്വീകരണകേന്ദ്രങ്ങളില്‍ കാത്തിരുന്ന് സ്‌നേഹം അറിയിച്ച നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ആണുള്ളത്. പി.ടി തോമസുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല. ജീവിതം മുഴുവന്‍ ഇനി അവരോടൊപ്പം ഉണ്ടാവും എന്നതില്‍ സംശയമില്ല.
? തിരഞ്ഞെടുപ്പ് പ്രചരണവും അനുബന്ധ പരിപാടികളും പ്രതീക്ഷിച്ചതുപോലെയും കണക്കുകൂട്ടിയത് പോലെയും ആണോ മുന്നോട്ടുപോയത്
തിരഞ്ഞെടുപ്പ് പ്രചരണം ഓരോ ദിവസവും തനിക്ക് പതിന്മടങ്ങു ഊര്‍ജവും താല്‍പര്യവുമാണ് നല്‍കിയത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വലിയ ആവേശമാണ് ഉണ്ടായിരുന്നത്. പല ദിവസങ്ങളിലും കനത്ത മഴ ആയിരുന്നെങ്കിലും പ്രചരണ ചൂടിന് ഒരു മാറ്റവും വന്നില്ല. ചിലയിടങ്ങളില്‍ മഴ മൂലം വൈകിയാണ് എത്തിയതെങ്കിലും മഴയത്തും കാത്തുനില്‍ക്കുന്ന ജനങ്ങളെ കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു. മഴയും കാറ്റും വെള്ളവും ഒരു പ്രശ്‌നമാക്കാതെ ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെയാണ് എല്ലായിടത്തും കണ്ടത്.
? തൃക്കാക്കര മണ്ഡലത്തിന് വേണ്ടി പ്രത്യേകമായി എന്താണ് കരുതിവെക്കുന്നത്
തൃക്കാക്കര മണ്ഡലത്തിലെ ഭൂപ്രകൃതി ഇപ്പോള്‍ കാണാപ്പാഠമാണ്. ജനങ്ങളെയും നന്നായറിയാം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നഗരമണ്ഡലങ്ങളില്‍ ഒന്നാണിത്. വെള്ളക്കെട്ടാണ് ഇവിടുത്തെ ഏറ്റവും വലിയ ശാപം. ഇതിന് ശാശ്വത പരിഹാരം കാണണം. ഇതിനുവേണ്ടി നിരവധി കലുങ്കുകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പി.ടി ആസൂത്രണം ചെയ്തിരുന്നു. അവയെല്ലാം പൂര്‍ത്തിയാക്കണം. കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവും. കാക്കനാട് ആണ് ഐ.ടി കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിനു വേണ്ടി ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ആയിട്ടില്ല. ഇതിനു വേണ്ടിയും മുന്നിട്ടിറങ്ങൂം.
? സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെക്കുറിച്ച്
സ്ത്രീകള്‍ക്കൊപ്പം എന്ന വാക്കു മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. പ്രവൃത്തിപഥത്തില്‍ അവര്‍ സ്ത്രീകള്‍ക്കെതിരെയാണ്. ഏറ്റവും ഒടുവില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്ക് രണ്ടാമതും ഹൈക്കോടതിയില്‍ പോകേണ്ടിവന്നത് നമുക്ക് മുമ്പിലുണ്ട്. ഈ കേസ് അട്ടിമറിക്കാനാണ് പ്രതിഭാഗം അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിജീവിതക്ക് നീതികിട്ടുന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സംഭവം നടന്ന 2017 ഫെബ്രുവരിയിലെ അതേ ആഴ്ചയില്‍ തന്നെ പി.ടി തോമസ് തന്നോട് പറഞ്ഞിരുന്നു. പി.ടി ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ കേസ് ഇതിലും നന്നായി പിന്തുടരുമായിരുന്നു. സില്‍വര്‍ലൈന്‍ സര്‍വേയുടെ പേരില്‍ സമാധാനപരമായി സമരം നടത്തിയ സ്ത്രീകള്‍ക്കെതിരെ സര്‍ക്കാരും പൊലീസും ചെയ്ത ക്രൂരതകള്‍ അവിടത്തെ ജനം മറന്നിട്ടില്ല. തൃക്കാക്കരയിലെ ജനങ്ങളും ഇത് അനുഭവിച്ചതാണ്.
? സില്‍വര്‍ലൈന്‍ എങ്ങനെ പ്രതിഫലിക്കും
വിനാശകരമായ വികസനമാണ് സില്‍വര്‍ലൈനിലൂടെ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. നാലുപാടും കടത്തില്‍ നില്‍ക്കെ കോടിക്കണക്കിന് രൂപ വീണ്ടും കടമെടുത്ത് വിനാശകരമായ ഒരു വികസനം കൊണ്ടുവരുന്നത് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സംസ്ഥാനം കടക്കെണിയില്‍ ആകരുതെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് തൃക്കാക്കരയില്‍ ഉള്ളത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ സില്‍വര്‍ലൈന്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതും പ്രചരണം ഊര്‍ജിതമായപ്പോള്‍ സര്‍വേ കല്ലിടല്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും ഡിജിറ്റല്‍ സംവിധാനം മതിയെന്ന് തീരുമാനിച്ചതും സര്‍ക്കാരിന്റെ തന്ത്രമാണ്. ഇത് ജനം തിരിച്ചറിയും. വികസനത്തിന് മനുഷ്യത്വ മുഖം വേണം. അതില്ലാത്തത് വികസനം ആകില്ല. വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടെയാണ് മുന്നോട്ടുപോകുന്നത്. മനുഷ്യത്വത്തിന് ഊന്നല്‍ കൊടുത്ത ഒരു നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് താന്‍ പഠിച്ചത്. ഇനി അതില്‍ നിന്ന് പുറകോട്ട് പോകാനാകില്ല.
? നിരവധി യു.ഡി.എഫ് നേതാക്കള്‍ പ്രചരണത്തിനെത്തിയിരുന്നല്ലോ. ഇവര്‍ നല്‍കിയ ആത്മധൈര്യത്തെ കുറിച്ച് എന്താണ് പറയാനുള്ളത്
യു.ഡി.എഫും അതിന്റെ നേതാക്കളുമാണ് എന്റെ ശക്തി. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നിയോഗിച്ചതും അവര്‍ തന്നെയാണ്. മുഴുവന്‍ നേതാക്കളും ഇതിനകം മണ്ഡലത്തില്‍ എത്തി പ്രചരണത്തില്‍ പങ്കാളികളായിരുന്നു. ഘടകകക്ഷി നേതാക്കളും വലിയ ആവേശത്തോടെയാണ് എത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ രണ്ടിലധികം തവണ മണ്ഡലത്തില്‍ എത്തിയിരുന്നു. ഒരു തവണ വലിയ റോഡ്‌ഷോയും നടത്തി. ലീഗ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രചരണവും നടത്തി. ഇതെല്ലാം ഫലപ്രാപ്തിയില്‍ എത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഉള്‍പ്പെടെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ടായിരുന്നത് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. പി.ടിയുടെ മരണം പെട്ടെന്ന് ആയിരുന്നെങ്കിലും ഒറ്റയ്ക്കല്ല എന്ന തോന്നല്‍ അന്ന് മുതലേ ഉണ്ടായിരുന്നു. ഈ തോന്നല്‍ പതിന്മടങ്ങായി വര്‍ധിച്ചിരിക്കുകയാണ് ഒരു മാസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ.