X

ജനപ്രതിനിധികളെ ക്ഷണിച്ചില്ല; സര്‍വ്വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു

 

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. യോഗത്തില്‍ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ബഹിഷ്‌ക്കരണം. മുഖ്യമന്ത്രിക്ക് പകരം മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിലായിരുന്നു സമാധാന യോഗം. ജനപ്രതിനിധികള്‍ക്ക് ക്ഷണമില്ലാത്ത യോഗത്തില്‍ കെ.കെ രാഗേഷ് എം.പി വേദിയിലിരിക്കുന്നത് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ചോദ്യം ചെയ്തു. ജനപ്രതിനിധികളെ വിളിക്കുന്നുവെങ്കില്‍, മറ്റു പാര്‍ട്ടികളുടെ ജനപ്രതിനിധികളെയും ക്ഷണിക്കണമായിരുന്നെന്ന് പാച്ചേനി പറഞ്ഞു. ഇതിന് വിശദീകരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കടന്നുവന്നതോടെ വാക്കേറ്റമുണ്ടായി. മന്ത്രി നിയന്ത്രിക്കേണ്ട യോഗം പി ജയരാജന്‍ നിയന്ത്രിക്കുന്നത് നാണക്കേടാണെന്ന് പാച്ചേനി പറഞ്ഞു.
മുമ്പ് കണ്ണൂരില്‍ നടന്ന സമാധാനയോഗങ്ങളിലെല്ലാം ഭരണപ്രതിപക്ഷഭേദമില്ലാതെ എല്ലാ ജനപ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ മാത്രം അതുണ്ടായില്ലെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ജനപ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എം.പിയെന്ന നിലയില്‍ കെ.കെ രാഗേഷ് വേദിയില്‍ ഇരിക്കുന്നതു ശരിയല്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. എന്നാല്‍ സി.പി.എം പ്രതിനിധി എന്ന നിലലും എം.പിയെന്ന പരിഗണനയിലുമാണ് രാഗേഷിനെ വേദിയിലിരിലുത്തിയതെന്നു മന്ത്രി ബാലന്‍ ന്യായീകരിച്ചു.
യോഗം ആരംഭിക്കാനിരിക്കെ യു.ഡി.എഫ് എംഎല്‍എമാരായ കെ.സി. ജോസഫും സണ്ണി ജോസഫും കെ.എം ഷാജിയും വേദിയിലെത്തി. ജില്ലയിലെ ജനപ്രതിനിധികളായ തങ്ങളെ എന്തുകൊണ്ടാണ് യോഗത്തില്‍ ക്ഷണിക്കാത്തതെന്ന് കെ.എം ഷാജി എം.എല്‍.എ മന്ത്രി ബാലനോട് ചോദിച്ചു. ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെങ്കില്‍ രാഗേഷ് സി.പി.എം പ്രതിനിധിയായി സദസ്സില്‍ ഇരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗമാണു വിളിച്ചതെന്നും മന്ത്രി ബാലന്‍ വീണ്ടും വ്യക്തമാക്കി. ബഹളം തുടര്‍ന്നിട്ടും രാഗേഷിനെ വേദിയില്‍നിന്നു മാറ്റാന്‍ തയാറായില്ല. പിന്നീടു തര്‍ക്കം രൂക്ഷമായതോടെ കെ.കെ. രാഗേഷ് എം.പി സ്വമേധയാ വേദിയില്‍ നിന്നിറങ്ങി സദസ്സിലിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു.
യോഗ ഹാളില്‍ നിന്നു പുറത്തെത്തിയ കെ.സി ജോസഫ് എം.എല്‍.എ സമാധാന യോഗം വിളിച്ച സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നു മാധ്യമങ്ങളെ അറിയിച്ചു. സമാധാനയോഗം വെറും പ്രഹസനമായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയടക്കം, കണ്ണൂര്‍ ജില്ലയില്‍ മൂന്നു മന്ത്രിമാരുണ്ട്. ഇവരാരും ഇതുവരെ ഷുഹൈബിന്റെ വീടു സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി. ജയരാജന്‍ നിയന്ത്രിക്കുന്ന യോഗത്തില്‍ ഇനി കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് സതീശന്‍ പാച്ചേനിയും അറിയിച്ചു. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുല്‍ കരീം ചേലേരി എന്നിവരും യോഗത്തിനെത്തിയിരുന്നു.
മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് ഇല്ലാത്തതിനാല്‍ യോഗം നിര്‍ത്തിവയ്ക്കണോയെന്ന ചര്‍ച്ച ഉയര്‍ന്നു. എന്നാല്‍ തങ്ങളും പ്രതിപക്ഷമാണെന്നും ചര്‍ച്ച തുടരണമെന്നും ബി.ജെ.പി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇതോടെ യു.ഡി.എഫ് പ്രതിനിധികളുടെ അസാന്നിധ്യത്തില്‍ ചര്‍ച്ച തുടരുകയായിരുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം, കെ.പി സഹദേവന്‍, എം.വി ചന്ദ്രബാബു, സി.പി ഷാജന്‍, വര്‍ക്കി വട്ടപ്പാറ, പി.പി ദിവാകരന്‍ യോഗത്തില്‍ പങ്കെടുത്തു.

chandrika: