തിരുവനന്തപുരം: കാസര്‍കോടിനും കണ്ണൂരിനും പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ മണ്ഡലങ്ങളില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് യു.ഡി.എഫ്. ആറ്റിങ്ങലില്‍ അരലക്ഷത്തോളം പേര്‍ക്ക് ഇരട്ടവോട്ടുള്ള സംഭവവുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്തദിവസം പുറത്തുവിടും. കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ച സി.പി.എം നടപടിക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ ഓരോ ബൂത്തിലെയും വോട്ടിംഗ് വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചു. സംസ്ഥാനത്തുടനീളം വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് നിഗമനം. എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം കള്ളവോട്ട് നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ദൃശ്യങ്ങള്‍ സഹിതം തെളിവ് പുറത്തുവരുന്നത്.
വടക്കന്‍ കേരളത്തില്‍ കള്ളവോട്ടുകളും തെക്കന്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകളും നടന്നിട്ടുണ്ട്. സി.പി.എമ്മിനു വേണ്ടി കള്ളവോട്ട് ചെയ്തവരെ മാത്രമല്ല, അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കൂടി നിയമത്തിന് മുന്നിലെത്തിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. ഇതിനായി നിയമപോരാട്ടം നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കണ്ണൂര്‍ മേഖലയില്‍ കള്ളവോട്ട് നടക്കാനിടയുണ്ടെന്ന് കെ. സുധാകരന്‍ ആരോപിച്ചിരുന്നു. കള്ളവോട്ടിന് പുറമെ വോട്ടിന് പണം നല്‍കിയും സി.പി.എം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചിരുന്നു. കൊല്ലം മണ്ഡലത്തില്‍ ഇവന്റ് മാനേജ്‌മെന്റിനെ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ സി.പി.എം പ്രതിരോധത്തിലായി. പാര്‍ട്ടിക്കുവേണ്ടി കള്ളവോട്ട് ചെയ്തവര്‍ ശിക്ഷാ നടപടി നേരിടേണ്ടിവരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ഐ.പി.സി 171 എ മുതല്‍ ഐ വരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കാറുള്ളത്. കാസര്‍കോട് നടന്നത് കള്ളവോട്ടാണെന്ന് വ്യക്തമായാല്‍ നടപടിക്രമമനുസരിച്ച് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിനോട് ശിപാര്‍ശ ചെയ്യും. തെരഞ്ഞെടുപ്പില്‍ മറ്റൊരാളുടെ വോട്ട് ആള്‍മാറാട്ടം നടത്തി രേഖപ്പെടുത്തുന്നതിന് ഐ.പി.സി 171 ഡി ആണ് ചുമത്തുന്നത്. പരമാവധി ഒരുവര്‍ഷം ശിക്ഷയും പിഴയും ചുമത്താവുന്ന വകുപ്പാണിത്.
ചെയ്തത് കള്ള വോട്ടല്ലെന്ന് തെളിക്കാന്‍ ഒന്നുമില്ലെന്നതാണ് സി.പി.എമ്മിന് വിനയാകുന്നത്. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച് സി.പി.എം നടത്തിയ വിശദീകരണമാകട്ടെ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നാണ്. ഈ വാദം സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ സി.പി.എമ്മിന്റെ പക്കലില്ല. ചോദ്യങ്ങളില്‍ നിന്ന് സി.പി.എം നേതാക്കള്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന കാര്യം സി.പി.എം നിഷേധിച്ചെങ്കിലും വിശദീകരണത്തില്‍ ആകെ പൊരുത്തക്കേടുകളാണ്. ഓപ്പണ്‍ വോട്ട് ചെയ്തതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ വാദം. എന്നാല്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പുറത്തുവന്ന ദൃശ്യങ്ങളിലില്ല. ഓപ്പണ്‍ വോട്ട് ചെയ്യുന്നവര്‍ വലതുകൈയുടെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. ഓപ്പണ്‍ വോട്ട് ചെയ്തവരെന്ന് സി.പി.എം അവകാശപ്പെടുന്ന ആളുകള്‍ മഷി പുരട്ടുന്നത് ഇടതുചൂണ്ടു വിരലിലാണെന്നുള്ളതും വ്യക്തമാണ്. ഇതിനെ കുറിച്ചും സി.പി.എമ്മിന് കൃത്യമായ മറുപടിയില്ല. ചെറുതാഴം പഞ്ചായത്തംഗവും പതിനേഴാം നമ്പര്‍ ബൂത്തിലെ വോട്ടറുമായ സലീന 19-ാം നമ്പര്‍ ബൂത്തിലെ നഫീസയുടെ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നാണ് പി. ജയരാജന്‍ വിശദീകരിച്ചത്. എന്നാല്‍ നഫീസയെ ഒരിടത്തും കാണാനില്ല. ഈ വിശദീകരണങ്ങള്‍ക്ക് കൂടി മറുപടി പറയേണ്ട അവസ്ഥയിലാണ് സി.പി.എം. സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയാത്തവിധം ശാരീരികാവസ്ഥയുള്ളവര്‍ പോളിംഗ് ബൂത്തില്‍ ഹാജരാവുകയും പ്രിസൈഡിംഗ് ഓഫീസരെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
കള്ളവോട്ട്: യു.ഡി.എഫ് കോടതിയിലേക്ക്; സി.പി.എം പ്രതിരോധത്തില്‍
Tags: loksabha election 2019