X

ബഫര്‍ സോണ്‍ വിഷയത്തില്‍ യുഡിഎഫ് പ്രക്ഷോഭത്തിന്

സ്വന്തം ലേഖകന്‍

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര കര്‍ഷക ജനതയോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത ദ്രോഹമാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് സംസ്ഥാന നേതൃയോഗം വിലയിരുത്തി. ജനുവരി 5 മുതല്‍ 15 വരെ എല്ലാ പഞ്ചായത്തുകളിലും കര്‍ഷക പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. ഇടുക്കിയെ ബഫര്‍ സോണ്‍ കെണിയില്‍ നിന്ന് രക്ഷിക്കുക, ഭൂനിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കുമളിയില്‍ നിന്ന് അടിമാലിയിലേക്ക് ഡീന്‍ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തില്‍ കാല്‍നട യാത്ര സംഘടിപ്പിക്കും. റബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജനുവരി രണ്ടാം വാരം കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കും.

റബറിന്റെ അടിസ്ഥാന താങ്ങുവില 200 രൂപയായി നിശ്ചയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാലക്കാട്, കുട്ടനാട് പ്രദേശങ്ങളില്‍ നെല്ല് സംഭരണത്തിന് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. ഏലം, കുരുമുളക്, കാപ്പി കര്‍ഷകര്‍ ദുരിതത്തിലാണ്. സ്‌പൈസസ് ബോര്‍ഡും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണ്. കര്‍ഷക ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനുവരി അവസാന വാരം കര്‍ഷക പ്രക്ഷോഭ വാരമായി ആചരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത യോഗം ഫുട്‌ബോള്‍ ഇതിഹാസം പെലെയുടേയും കെ പി സി സി ട്രഷറര്‍ പ്രതാപചന്ദ്രന്റേയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെകട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. നേതാക്കളായ കെ മുരളീധരന്‍ എം പി, ബെന്നി ബഹനാന്‍ എം പി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, അനൂപ് ജേക്കബ് എംഎല്‍എ, സി പി ജോണ്‍, ഷിബു ബേബിജോണ്‍, പി സി തോമസ്, ജി.ദേവരാജ്, ജോണി നെല്ലൂര്‍, ടി യു കുരുവിള, ടി മനോജ് കുമാര്‍, തോമസ് ഉണ്ണിയാടന്‍, രാജന്‍ ബാബു, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ചികില്‍സാര്‍ത്ഥം ബംഗ്ലൂരുവിലായിരുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയും മകന്റെ വിവാഹം ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ പോയതിനാല്‍ രമേശ് ചെന്നിത്തലയും കണ്ണൂരില്‍ ചികില്‍സയിലായതിനാല്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തില്ല.

webdesk13: